
തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന് സ്മാരക ‘സംസ്കൃതി’ പുരസ്കാരം സംഗീത സംവിധായ കന് വിദ്യാധരന് മാസ്റ്റര്‍ക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് ബി.കെ.ഹരിനാരായണന്, കവി സുധാകരന് പാവറട്ടി, നടന് മുരുകന് എന്നീവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ പാട്ടുകള്‍ നിറച്ച സംഗീത സംവിധായകനാണ് വിദ്യാധരന് മാസ്റ്റര്‍. ശുദ്ധ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്റെ പല വഴികളിലൂടെ നടന്ന സംഗീതകാരനാണ് പിഎസ് വിദ്യാധരന്.
ജി. ദേവരാജന്‍ മാസ്റ്ററുടെ സഹായിയായാണ്ചലച്ചിത്ര രംഗത്തെത്തിയത്. ഇക്കാലയളവിലും സ്റ്റേജ് നാടകങ്ങള്‍ക്കു വേണ്ടിയും പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. നിരവധി ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പടെയുള്ള നിരവധി പുരസ്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1945 മാര്‍ച്ച് 6 ന് തൃശ്ശൂരിലെ ആറാട്ടുപുഴയില്‍ ശങ്കരന്റെയും തങ്കമ്മയുടെയും മൂത്ത മകനായാണ് ജനനം.