സുരേന്ദ്രനേക്കാൾ സന്തോഷം പിണറായി വിജയന്: ഉപദേശം ഞങ്ങൾക്കു വേണ്ടെന്ന് വിഡി സതീശൻ


കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറും തമ്മിൽ വലിയ ബന്ധമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചത് സംബന്ധിച്ച് കേരളത്തിലെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെക്കാൾ സന്തോഷം മുഖ്യമന്ത്രിയായ പിണറായി വിജയനാന്നും അദ്ദേഹം ആരോപിച്ചു. പകൽ ജനങ്ങൾക്കിടയിൽ ബിജെപി വിരോധം സംസാരിക്കുകയും രാത്രി കേസുകളിൽ നിന്ന് രക്ഷപ്പെടാനായി സംഘപരിവാറുമായി സന്ധി ചെയ്യുകയും ചെയ്യുന്നയാളാണ് പിണറായി വിജയനെന്നും വിഡി സതീശൻ പറഞ്ഞു. അത്തരക്കാരനായ പിണറായി വിജയൻറെ ഉപദേശം കേരളത്തിലെ കോൺഗ്രസിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസിനോ ആവശ്യമി ല്ലെന്നും സതീശൻ വ്യക്തമാക്കി. 

ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തുവാൻ പിണറായി വിജയൻ ശ്രമിച്ചന്നുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി കൂട്ടുനിന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ സിപിഎമ്മും ദേശീയതലത്തിലെ സിപിഎമ്മും രണ്ടും രണ്ട് വിധത്തിലാണ് പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളുടെ സമ്മര്‍ദം കൊണ്ടാണ് സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയക്കേണ്ടെന്ന് തീരുമാനിച്ചതെന്നും വിഡി സതീശന്‍ ആരോപിച്ചു. 

കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറുമായി വലിയ ബന്ധമാണ് പുലർത്തുന്നത്. അതിനുദാഹരണം ലാവ്ലിൻ കേസാണ്. 38ാമത്തെ തവണയാണ് ലാവ്ലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. എങ്ങനെയാണ് സിബിഐയേപ്പോലും നിയന്ത്രിക്കാനാകുന്ന തരത്തില്‍ ആ ബന്ധം വളര്‍ന്നതെന്നും വി ഡി സതീശൻ ചോദിച്ചു. കേരളത്തില്‍ തുടങ്ങിയ എല്ലാ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം ഒരു ദിവസം മടക്കിക്കെട്ടിക്കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം കാണിക്കുന്നത് സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുണ്ടാക്കിയിരി ക്കുന്ന ധാരണയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. 

മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ച് ആദ്യം രംഗത്ത് എത്തിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ബിജെപിയെ പോലുള്ള ഒരു രാഷ്ട്രീയ ശത്രുവിനെ നേരിടാൻ കോൺഗ്രസ് സംയുക്ത പോരാട്ടം നടത്തേണ്ട തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള യാതൊരു പ്രവർത്തികളും കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ് തന്നെ തങ്ങൾ വിജയിച്ചു എന്ന് അവർ കരുതി. തങ്ങൾക്ക് വലിയ ശക്തിയുണ്ടെന്നും ആർക്കും വെല്ലുവിളിക്കാനാകില്ലെന്നും കോൺഗ്രസിന് തോന്നി. ആർക്കും തങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തന്നെ അവർ വിചാരിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിൻ്റെ ഈ ചിന്താഗതിയാണ് അവരുടെ പരാജയത്തിന് ആക്കംകൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


Read Previous

പരാതിയിൽ നടപടിയില്ല; നവകേരള സദസിൻ്റെ സ്റ്റേജിലേയ്ക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവ് കസ്റ്റഡയിൽ

Read Next

സൗദിയില്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി 28കാരിയായ മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു, ഹഫര്‍ അല്‍ബാത്തിനില്‍ നഴ്‌സായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »