സംസ്ഥാനത്ത് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. പുലി, കരടി എന്നീ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ഭീതി പടർത്തിയതിന് പിന്നാലെ വയനാട്ടിൽ നാട്ടിലിറങ്ങിയ കാട്ടാന ഒരാളുടെ ജീവനുമെടുത്തിരുന്നു. കാട്ടാനയെ പിടികൂടുവാനുള്ള ദൗത്യം വനം വകുപ്പ് (Forest Department officials) തുടരുകയാണ്. അതിനിടയിലാണ് കണ്ണൂരിൽ കടുവ (Tiger) നാട്ടിലിറങ്ങി എന്ന വാർത്ത പുറത്തുവരുന്നത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിലെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവ.

കടുവ കുടുങ്ങിയ വാർത്തയറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടിവയ്ക്കാന്‍ അനുമതി തേടിയിരിക്കുകയാണെന്നാണ് വിവരം. റബര്‍ ടാപ്പിങ്ങിന് പോയ യുവാവാണ് കടുവയെ കണ്ടത്. തുടർന്ന് ഇയാൾ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിച്ചു.
അതേസമയം വയനാട് മാനന്തവാടി സ്വദേശി അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന (മോഴ ആന) മയക്കു വെടി വയ്ക്കുവാനുള്ള ദൗത്യം നാലാം ദിവസവും തുടരുക യാണ്. ആനയെ ഇതുവരെ മയക്കുവെടി വയ്‌ക്കാൻ സാധിക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ വൻ മുന്നൊരുക്ക ങ്ങളുമായി അധികൃതർ ദൗത്യം തുടരുകയാണ്. നിലവിൽ ആന മണ്ണുണ്ടി മേഖലയി ലാണുള്ളതെന്നാണ് വിവരം. മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്രദേശത്തെ അടിക്കാടാണ് ആനയെ കീഴടക്കാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകുന്ന തെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.