ടിപി വധത്തിന് പിന്നില്‍ ആര് ? ആലോചിച്ചാല്‍ ആ ഉന്നത നേതാവ് ആരെന്ന് കിട്ടും; സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്


കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും വര്‍ധിപ്പിക്കുകയും ചെയ്ത ഹൈക്കോടതി വിധി വന്നതിനെത്തുടര്‍ന്ന് സിപി എമ്മിനെതിരെ കടന്നാക്രമിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസിയുടെ ‘സമരാഗ്‌നി’ യാത്രയുടെ ഭാഗമായി എറണാകുളത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെപിപിസിസി അധ്യക്ഷന്‍ കെ സുധാകരനും പതിപക്ഷ നേതാവ് വി ഡി സതീശനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എക്‌സാ ലോജിക്കും ടി പി കേസും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചൂടേറിയ ചര്‍ച്ചാ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ടി പി കേസില്‍ അകത്താകേണ്ടവര്‍ ഇനിയുമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. രണ്ട് ജില്ലകളിലെ പാര്‍ട്ടി ക്രിമിനലുകളാണു കൊലപാതകത്തില്‍ പങ്കെടുത്തതെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ഇതു നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ”കണ്ണൂരില്‍ നിന്നുള്ള ക്രിമിനലുകള്‍ കോഴിക്കോടെത്തി കൃത്യം നടത്തണമെങ്കില്‍ പിണറായി വിജയന്റെ അനുമതിയും അറിവും ഉണ്ടാകാനാണു സാധ്യത. അനുകൂല വിധി വാങ്ങാന്‍ പോയവര്‍ക്ക് അധിക ശിക്ഷ കിട്ടുന്ന സാഹചര്യമാണ്. ടി പി അടക്കമുള്ള കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി മാത്രമാണുള്ളത്. ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാല്‍ കിട്ടും” – സുധാകരന്‍ പറഞ്ഞു. തന്റെ ഇടവും വലവുമുണ്ടായിരുന്ന ഇരുപത്തിയെട്ടോളം പേര്‍ കൊല്ലപ്പെട്ടു എന്നും വടക്കന്‍ മലബാറിലെ ഈ കൊലപാതകങ്ങളുടെ ഒക്കെ പിന്നില്‍ ഈ ഉന്നത നേതാവാണെന്നും സുധാകരന്‍ ആരോപിച്ചു.

ജയിലുകളിലെ അവസാന വാക്ക് കൊടി സുനിയാണ്. സിപിഎമ്മും ക്വട്ടേഷന്‍ സംഘങ്ങളും തമ്മില്‍ അഭേദ്യബന്ധമാണ്. കൊടി സുനിയാണ് ജയില്‍ ഭരിക്കുന്നത്, സൂപ്രണ്ടല്ലെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്‍ ടി പി വധത്തെക്കുറിച്ചു സംസാരിച്ചതിനു ശേഷമായിരുന്നു എക്‌സാലോജിക് വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

എക്‌സാലോജിക്ക് വിഷയത്തില്‍ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് തുടങ്ങിയത്. അന്വേഷണം മൂടിവയ്ക്കാന്‍ പിണറായിയും കേന്ദ്ര സര്‍ക്കാരുമായി ധാരണയുണ്ടാക്കിയോ എന്നായിരുന്നു പ്രധാന ചോദ്യം.

വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇതു മൂടിവച്ചത് ബിജെപി – സിപിഎം ധാരണ മൂലമാണോ? ഈ ചോദ്യത്തിനു ബിജെപി നേതാക്കള്‍ക്കും മറുപടി പറയാവുന്നതാണെന്ന് സതീശന്‍ പറഞ്ഞു. ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം.

സിഎംആര്‍എലിനു പുറമേ നിരവധി സ്ഥാപനങ്ങള്‍ മാസപ്പടി നല്‍കിയിരുന്നുവെന്ന് എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍നിന്ന് വ്യക്തമാണ്. ആ സ്ഥാപനങ്ങള്‍ ഏതൊയൊക്കെയാണെന്നു വ്യക്തമാക്കാമോ എന്നു സതീശന്‍ ചോദിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നികുതിയിളവ് കൊടുത്തി ട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആര്‍എലിന്റെ ഉടമകളുടെ തന്നെ എന്‍ബിഎഫ്സിയായ എംപവര്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍നിന്ന് എക്സാലോജിക് വന്‍തുക വായ്പയായി എടുത്തിട്ടുണ്ട്. എന്നാല്‍ ഈ തുകയുടെ വലിയൊരു ഭാഗം എക്സാലോജിക്കി ന്റെ അക്കൗണ്ടില്‍ വന്നിട്ടില്ല? ഈ പണം എവിടേക്ക് പോയി, ആരാണ് വാങ്ങിയത്? എന്ന് മുഖ്യമന്ത്രി മറുപടി പറയണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

https://www.facebook.com/ksudhakaraninc/videos/907406670851834/


Read Previous

ഒ ഐ സി സി റിയാദ് മലപ്പുറം ‘ജോയ് രാത്’ ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ പങ്കെടുക്കും

Read Next

ചണ്ഡീഗഡ് മേയർ സ്ഥാനം എഎപിക്ക്; വോട്ടെടുപ്പ് സുപ്രീം കോടതി റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »