കൊച്ചി: സിപിഎമ്മിലേക്ക് ഇപി നേരിട്ട് വന്ന് ക്ഷണിച്ചെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. തൃക്കാക്കരയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാണെ ന്നായിരുന്നു ജയരാജന്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ താനത് നിരസിച്ചുവെന്നും ദീപ്തി വ്യക്തമാക്കി. 24 ന്യൂസുമായുള്ള പ്രത്യേക അഭിമുഖത്തി ലായിരുന്നു ദീപ്തി ഇക്കാര്യം സ്ഥിരീകരിച്ചത്.

വിവാദ ദല്ലാള്‍ നന്ദകുമാര്‍ നേരത്തെ എറണാകുളത്തെ വനിതാ കോണ്‍ഗ്രസ് നേതാവിനെ സിപിഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിലായിരുന്നു ദീപ്തിയുടെ പ്രതികരണം. പത്മജ വേണുഗോപാലിനെയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും സിപിഎമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും നന്ദകുമാര്‍ വെളിപ്പെടുത്തല്‍. എന്നാല്‍ പത്മജയ്ക്ക് വിചാരിച്ച പദവി കിട്ടാത്തത് കൊണ്ടാണ് സിപിഎമ്മിലേക്ക് പോകാതിരുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി യിരുന്നു.
ഇപി ജയരാജന്റെ ക്ഷണമുണ്ടായി എന്നത് സത്യമാണ്. എന്നാല്‍ എനിക്ക് അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. ഞാന്‍ വന്ന കാലം മുതല്‍ കോണ്‍ഗ്രസില്‍ ശക്തമായി നില്‍ക്കുന്ന ഒരാളായത് കൊണ്ടും, അത്തരം ഓഫറുകള്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടും അന്ന് തന്നെ താല്‍പര്യമില്ലായെന്ന് പറഞ്ഞിരുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ആദ്യം ഞാന്‍ അവരുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് സംസാരിച്ചപ്പോള്‍ പാര്‍ട്ടിയിലേക്ക് വരണമെന്ന് ക്ഷണിച്ചു. എന്നാല്‍ അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എല്ലാ കാലത്തും ഞാനൊരു കോണ്‍ഗ്രസുകാരിയായിരിക്കുമെന്നും ദീപ്തി പറഞ്ഞു.
അതേസമയം പത്മജ വേണുഗോപാലിന് വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പത്മജ ആവശ്യപ്പെട്ട സൂപ്പര്‍ പദവികള്‍ ലഭിക്കാ ത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. പത്മജയ്ക്ക് പുറമേ കൊച്ചിയിലെ വനിതാ നേതാവിനെയും സിപിഎം സമീപിച്ചെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. അതേസമയം നന്ദകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പത്മജയും സ്ഥിരീകരിച്ചു. മൂന്ന് തവണ ഫോണ്‍ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് എങ്ങോട്ടും പോകില്ലെന്നും പത്മജ പറഞ്ഞു.