6 വയസ്സുകാരന്‍ അയാന്‍ ആരെയും അമ്പരപ്പിക്കും ചിത്രങ്ങൾ വരച്ചുകൊണ്ട് വൈറല്‍ ആകുന്നു


നോട്ട് ബുക്കുകളും ഡയറി താളുകളും അയാന്റെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ചുറ്റും കണ്ടതും ഉപയോഗിക്കുന്നതുമായ കാര്യങ്ങള്‍ ഒറ്റയിരുപ്പിന് അയാൻ വരച്ചുതീര്‍ക്കും.

തൃശൂര്‍: കുസൃതി കാട്ടി ഓടി നടക്കേണ്ട പ്രായത്തില്‍ അയാന്റെ ലോകം വരകളുടേതാണ്. കണ്ണില്‍ കണ്ടതും മനസില്‍ പതിഞ്ഞതുമായ എന്തും അവന്‍ ‘വരയ്ക്കു’ള്ളിലാക്കും. കേവലം ആറ് വയസാണ് കുഞ്ഞ് അയാന്റെ പ്രായം. ചിത്രവര പഠിച്ചിട്ടില്ല. പക്ഷേ ഈ കുഞ്ഞ് പ്രായത്തിനുള്ളില്‍ നൂറ് കണക്കിന് ചിത്രങ്ങളാണ് അവന്‍ വരച്ചത്. വളര്‍ന്നപ്പോള്‍ ‘തലവര’ മാറിയില്ല. പെന്‍സിലിലും പേനയിലും അയാന് ചിത്രരചന വഴങ്ങും. അയാന്റെ പ്രിയപ്പെട്ട കളിപ്പാട്ടം പെന്‍സിലും വാട്ടര്‍ കളറും ചിത്രങ്ങളുമൊക്കെയാണ്.

അച്ഛന്റെ വര കണ്ടാണ് അയാന്‍ വളര്‍ന്നത്. ഷാര്‍ജയില്‍ ജോലി നോക്കുന്ന തൃശൂര്‍ പുതുരുത്തി സ്വദേശിയായ ജയപ്രബിന്റേയും ഹിരണ്യയുടേയും മകനാണ് അയാന്‍. ഷാര്‍ജയില്‍ ഗ്രാഫിക്ക് ഡിസൈനറാണ് ജയപ്രബിന്‍. രണ്ടര വയസില്‍ ‘ഹരിശ്രീ’ കുറിക്കുന്നതിന് പകരം ഷാര്‍ജയിലെ ഫ്‌ളാറ്റിലെ ഭിത്തിയില്‍ ചിത്രം വരച്ചാണ് അയാന്‍ ചിത്രങ്ങളുടെ ലോകത്തിലേക്ക് ചുവടുവച്ചത്. അദ്യമൊക്കെ വീട്ടുകാര്‍ ഇത് കാര്യമായി എടുത്തില്ല. ചുമര്‍ വൃത്തികേടാക്കുന്നു എന്ന് പറഞ്ഞ് അമ്മയുടെ ചീത്തയും കുഞ്ഞ് പലപ്പോഴും കേട്ടിരുന്നു.

‘തലവര’ മാറ്റിയ വര

ഫ്‌ളാറ്റില്‍ ഒരിക്കല്‍ എന്തോ വികൃതി കാട്ടിയിതിന് കുഞ്ഞിനെ പിടിച്ചിരുത്താന്‍ ഒരിക്കല്‍ അമ്മ പെന്‍സിലും ബുക്കും കൊടുത്തു. കുഞ്ഞ് അതില്‍ കോറി വരച്ചിരുന്നു. കുറച്ചുനേരം കുട്ടി അടങ്ങി ഒതുങ്ങി ഇരിക്കും എന്ന് മാത്രമാണ് അമ്മ വിചാരിച്ചത്. പക്ഷേ അത് ‘വര’-കളുടെ ലോകത്തേക്കുള്ള ‘നേര്‍വഴി’ ആകുമെന്ന് ഒരിക്കലും കരുതിയില്ല.

കുഞ്ഞ് ബുക്കില്‍ കോറി വരച്ചിരുന്ന സമയംകൊണ്ട് അമ്മ അടുക്കള ജോലി തീര്‍ത്തു. പിന്നീട് ആ ബുക്ക് എടുത്ത് നോക്കുമ്പോള്‍ അമ്മ ശരിക്കും ഞെട്ടി. ടിവിയില്‍ കണ്ട അയാന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം അവന്‍ വരച്ചുവച്ചിരിക്കുന്നു. ജോലി കഴിഞ്ഞുവന്ന അച്ഛനും ഇത് കണ്ട് അത്ഭുതപ്പെട്ടു. പിന്നീട് കളിപ്പാട്ടങ്ങള്‍ക്ക് പകരം അയാന് ചിത്രപെന്‍സിലും ബുക്കുകളും ഒക്കെ ഇവര്‍ വാങ്ങി നല്‍കി. അതിലെല്ലാം അവന്‍ ചിത്രങ്ങള്‍ വരച്ചു. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴും ‘തലവര’ മാറിയില്ല. പെന്‍സിലിലും പേനയിലും എന്തിലും അയാന് വര വഴങ്ങും.

നോട്ട് ബുക്കുകളും ഡയറി താളുകളും അയാന്റെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ചുറ്റും കണ്ടതും ഉപയോഗിക്കുന്നതുമായ കാര്യങ്ങള്‍ ഒറ്റയിരുപ്പിന് അവന്‍ വരച്ചുതീര്‍ക്കും. നോക്കിവരയ്ക്കുന്ന ശീലമില്ല. വരകളിലേറെയും പ്രകൃതിയാണ്. മയില്‍പ്പീലിയും പുല്ലാങ്കുഴലും ശംഖും സുദര്‍ശനചക്രവും വൃക്ഷങ്ങളും തുടങ്ങി മനസില്‍ വിരിയുന്ന ചിത്രങ്ങള്‍ ചുമരുകളിലോ ബുക്കുകളിലോ പകര്‍ത്തും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളും അയാന്റെ വരയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരുവട്ടം കണ്ട കാര്യങ്ങള്‍ പോലും അയാന്‍ ഓര്‍ത്തെടുത്ത് വരയ്ക്കും. മൃഗങ്ങളും പക്ഷികളും പൂക്കളുമൊക്കെയാണ് വരയ്ക്കാന്‍ ഇഷ്ടം. അത് മാത്രമല്ല സ്വന്തമായി നിരീക്ഷിച്ചാണ് വര. ശാസ്ത്രീയമായ ചിത്രരചന പഠിച്ചിട്ടില്ല. യൂട്യുബ് നോക്കിയാണ് ഇപ്പോള്‍ ചിത്രവര പഠിക്കുന്നത്. കളിപ്പാട്ടത്തേക്കാള്‍ ഇഷ്ടം വരയോടാണ്.    

ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ കുടുംബത്തോടൊപ്പം ഗുരുവായൂരിലേക്ക് പോയി. കണ്ണനെ അവന്‍ കണ്‍നിറച്ച് കണ്ടു. പിന്നീട് വീട്ടില്‍ വന്നപ്പോള്‍ കണ്ണനെ അവന്‍ വരച്ചു. ഇപ്പോള്‍ കൂടുതലും വരയ്ക്കുന്നത് കണ്ണനെയാണ്. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത അയാന്‍ വരച്ച ചിത്രങ്ങള്‍ പക്ഷേ ജീവന്‍ തുടിക്കുന്നവയാണ്. തുടക്കത്തില്‍ ക്രയോണ്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. പിന്നീട് അക്രലിക് പെയിന്റിലേക്ക് മാറി. ആയിരത്തിലധികം ചിത്രങ്ങള്‍ ഇതുവരെ വരച്ചിട്ടുണ്ട്.

അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളില്‍ കെ.ജി. 2 വിദ്യാര്‍ഥിയാണ് അയാന്‍. സ്‌കൂളില്‍ ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഷാര്‍ജ ഇന്‍കാസ് നടത്തിയ ചിത്രരചനാ മത്സരത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങിലും ഓയില്‍ പെയിന്‍്‌റിങ്ങിലും രണ്ടാം സ്ഥാനം നേടി. ചിത്രരചന പഠിപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വരച്ചു തുടങ്ങിയത് ക്രയോണില്‍ ആണെങ്കിലും ഇപ്പോള്‍ ഓയിലും ആക്രിലിക്കുമൊക്കെ അയാന് വഴങ്ങും. വരയില്‍ മാത്രമല്ല കൈയ്യെഴുത്തിലും ഈ ആറുവയസുകാരൻ മികവ് തെളിയിക്കുന്നു.
 


Read Previous

മണ്ണ് മാറ്റിയപ്പോൾ കണ്ടത് നിരവധി പുരാവസ്തുക്കൾ; 17ാം നൂറ്റാണ്ടിലെ നേർച്ചരൂപങ്ങളെന്ന് നിഗമനം

Read Next

അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് പിസി ജോർജ് കോടതിയിൽ കീഴടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »