കോട്ടയം: ലഹരിക്കടിമപ്പെട്ട കൊടും കുറ്റവാളിയുടെ പരാക്രമത്തിൽ ഒരുമാസം മുമ്പ് അനാഥമായത് കോട്ടയത്തെ പൊലീസുകാരന്‍റെ കുടുംബമാണ്. മൂന്നാഴ്ച മുമ്പാണ് ഏറ്റുമാനൂരിൽ വെച്ച് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ശ്യാമ പ്രസാദിനെ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് കൊലപ്പെടുത്തിയത്. തട്ടുകടയിലെ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ലഹരിക്കടിമയായ പ്രതിയുടെ ആക്രമണം. ലഹരി മനുഷ്യ ജീവനെടുക്കുമ്പോൾ ശ്യാമപ്രസാദിന്‍റെ കുടുംബത്തിന്‍റെ കണ്ണീരുണങ്ങാത്ത ജീവിതം ആരുടെയും മനസിൽ വിങ്ങലുണ്ടാക്കും.

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ജിബിൻ ജോർജ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാമപ്രസാദിനെ നടുറോഡിൽ ചവിട്ടി വീഴ്ത്തിയത്. മുൻപരിചയമില്ലാത്ത, ആദ്യമായി കാണുന്ന ഒരാളുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരു കുടുംബത്തിന്‍റെ അത്താണി ഇല്ലാതായി. ലഹരിയുടെ പിടിയിലായ യുവാവിന്‍റെ കണ്ണീരില്ലാത്ത ക്രൂരത പൊലീസുദ്യോഗസ്ഥന്‍റെ ജീവനെടുത്തു.
ആ ക്രൂരതയുടെ നോവനുഭവിക്കുന്ന നാല് പേരുണ്ട് മാഞ്ഞൂരിലെ ശ്യാമപ്രസാദിന്‍റെ വീട്ടിൽ. അച്ഛൻ വീട്ടിലില്ലെന്ന് ഇതുവരെ വിശ്വസിച്ചിട്ടില്ല ശ്യാമപ്രസാദിന്‍റെ മൂന്ന് മക്കളും. മൂത്ത മകൾ ശ്രീലക്ഷ്മി ഒൻപതാം ക്ലാസുകാരിയാണ്. രണ്ടാമൻ ശ്രീഹരി ആറിലും ഇളയമകൾ സേതുലക്ഷ്മി നാലാം ക്ലാസിലും. മൂന്ന് മക്കളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലുമാകാതെ തളർന്നിരിക്കുകയാണ് അമ്മ അമ്പിളിയും.
ശ്യാമപ്രസാദിന്‍റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ആർക്കുമൊരു വിരോധവും പരിഭവും ഇല്ലാതിരുന്ന ആളാണ് ശ്യാമപ്രസാദെന്ന് അമ്പിളി പറയുന്നു. എന്തിനാണ് അയാൾ അച്ഛന്റെ ജീവനെടുത്തതെന്ന മക്കളുടെ ചോദ്യത്തിന് അമ്പിളിക്ക് മുന്നിൽ ഉത്തരങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. പക്ഷേ ഒരു പരിചയമില്ലാത്ത ലഹരിക്കടിമപ്പെട്ട ഒരാൾ അനാഥമാക്കിയതാണ് തങ്ങളുടെ കുടുംബത്തെയെന്ന് അവർ തിരിച്ചറിയുന്നുണ്ട്.