എഡിജിപിക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്‍കണം’; പരിഹാസ ശരങ്ങളുമായി പിവി അന്‍വര്‍


മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പരിഹാസ ശരങ്ങളുമായി ഇടത് മുന്നണി എംഎല്‍ പിവി അന്‍വറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. അന്‍വറിന്‍റെ പരാതികളും തുറന്നു പറച്ചിലുകളും തള്ളി മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫേസ് ബുക്കിലൂടെ അന്‍വര്‍ പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയത്. എഡിജിപി ഫ്ലാറ്റ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആക്ഷേപം നേരത്തെ തന്നെ അന്‍വര്‍ ഉന്നയിച്ചിരുന്നു.

35 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിന് ശേഷം ഇരട്ടി ലാഭത്തില്‍ മറിച്ച് വില്‍ക്കുന്ന എഡിജിപിയുടെ ധനകാര്യ മാനേജ്മെന്‍റ് തന്ത്രം അപാരമാണെന്ന് അന്‍വര്‍ പരിഹസിച്ചു. എഡിജിപി ചുമതല മാത്രമല്ല, ധനമന്ത്രിയുടെ ചുമതല കൂടി അജിത് കുമാറിനെ ഏല്‍പ്പിക്കണമെന്നും അന്‍വര്‍ പരിഹാസ പോസ്റ്റില്‍ നിര്‍ദേശിക്കുന്നു. നേരത്തേ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും നിശിത വിമര്‍ശനം ഉന്നയിച്ചിരുന്ന അന്‍വര്‍ പോസ്റ്റില്‍ അതേക്കുറിച്ച് മിണ്ടുന്നില്ലെന്നതും ശ്രദ്ധേയം.

പിവി അന്‍വര്‍ എംഎല്‍എയുടെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത്‌ മറിച്ച്‌ വിൽക്കുക.!! ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്‍റ് സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്‍റെ ധനകാര്യ വകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം.

ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌…

മുഖ്യമന്ത്രിയുടെ ദീര്‍ഘമായ വാര്‍ത്ത സമ്മേളനം അവസാനിച്ചതിന് തൊട്ടു പിറകേ പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് പോസ്റ്റില്‍ വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുമെന്നും പറയാനുള്ളതെല്ലാം അവിടെ പറയുമെന്നും അന്‍വര്‍ സൂചിപ്പിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അന്‍വറിന് അനുകൂലമായ നിലപാടെ ടുത്തിരുന്ന നിരവധി ഇടത് അനുകൂല അക്കൗണ്ടുകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനും വിശദീകരണത്തിനും ശേഷം നിലപാട് മാറ്റിയിരുന്നു. ഇതിനിടെ യാണ് അന്‍വറിന്‍റെ പുതിയ പോസ്റ്റ് വന്നത്.


Read Previous

ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »