കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് അദ്ധ്യാപകർ എന്നിവരെ നിരീക്ഷിച്ച് വിശദവിവരങ്ങൾ സർക്കാരിന് കൈമാറാനാണ് വിജിലൻസ് നീക്കം.’

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ഒരു അദ്ധ്യാപകനെ വിജിലൻസ് പിടികൂടിയിരുന്നു. സ്വകാര്യ ട്യൂഷനെടുത്ത് ലക്ഷങ്ങൾ ഈ അദ്ധ്യാപകൻ സമ്പാദിച്ചിട്ടു ണ്ടെന്നാണ് വിവരം. അദ്ധ്യാപകൻ പിടിയിലായ വിവരം പുറത്തറിഞ്ഞതോടെ വിജിലൻസ് കണ്ണൂർ യൂണിറ്റിന് നൂറോളം പരാതികളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത്. ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യവും വിജിലൻസ് അന്വേഷിക്കും.
സംസ്ഥാനത്ത് വ്യാപകമായി തഴച്ചുവളരുന്ന സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥരും ഗവൺമെന്റ് സ്കൂൾ-കോളേജ് അദ്ധ്യാപക രുടെയും പിന്തുണയോടെയാണെന്ന് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം , കോട്ടയം എന്നിവിടങ്ങളിൽ നിന്ന് മലബാറിലേക്കും മലബാറിലുള്ളവർ തെക്കൻജില്ലകളിലേക്ക് പോയും ഇത്തരം ക്ളാസ് നടത്തുന്നുണ്ട്. ഒാൺലൈനായി ട്യൂഷനെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി മേഖലാ ഡയറക്ടർ എന്നിവരിൽ നിന്ന് വിജിലൻസ് വിവരങ്ങൾ ശേഖരിച്ചു.
മണിക്കൂറിന് 1200 മുതൽ 2000 വരെ
അദ്ധ്യാപകരെക്കുറിച്ച് വ്യക്തിപരമായ അന്വേഷണം പാടില്ലെന്ന് വിദ്യാർത്ഥികളോട് ട്യൂഷൻ സെന്ററുകൾ നിർദ്ദേശിക്കും. വ്യാജ പേരിലാണ് ക്ളാസുകൾ നടത്തുക. മണിക്കൂറിന് 1200 രൂപ മുതൽ 2000 വരെയാണ് പ്രതിഫലം. ദീർഘകാല അവധി യെടുത്ത് പുറംപണിക്കിറങ്ങിയവരുമുണ്ട്.
സ്വകാര്യ ട്യൂഷൻ എടുത്തുവെന്ന് വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനുമായ കെ.ടി. ചന്ദ്രമോഹനെ മലപ്പുറം വനിതാ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.
പ്രിൻസിപ്പൽമാർ നിരീക്ഷിക്കും
കോളേജ് അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നുണ്ടോയെന്ന് എല്ലാ മാസവും പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.