
കോഴിക്കോട്: വെള്ളയിൽ ബീച്ചിനു സമീപം റീൽസ് ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ആൽവിൻ (20) രണ്ടാഴ്ച മുൻപാണ് ഗൾഫിൽ നിന്നു എത്തിയത്. കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആൽവിൻ നാട്ടിൽ ചെയ്തിരുന്നത്. ഗൾഫിലും വിഡിയോയുമായി ബന്ധപ്പെട്ട ജോലി തന്നെയാണ് ആൽവിൻ ചെയ്തിരുന്നത്.
വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാനായാണ് ആൽവിൻ വെള്ള യിൽ ബീച്ചിൽ എത്തിയത്. കാർ ചെയ്സ് റീൽസിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അസുഖവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ആൽവിൻ നാട്ടിൽ വരാറുണ്ട്. രണ്ട് വർഷം മുൻപ് ആൽവിനു വൃക്ക രോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനിടെയാണ് കമ്പനിക്കായി റീൽസ് ചത്രീകരിക്കാനെത്തിയപ്പോൾ അപകടത്തിൽ പ്പെട്ടത്.
റോഡിനു നടുവിൽ നിന്നു രണ്ട് വാഹനങ്ങൾ കടന്നു പോകുന്നതിന്റെ റീലാണ് ആൽവിൻ ചിത്രീകരിച്ചിരുന്നത്. വണ്ടികൾ ആൽവിനെ കടന്നു പോകുന്നതിനിടെ ഇതിലൊരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. അതേ വാഹനത്തിൽ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
999 ഓട്ടമേറ്റീവ് കമ്പനിക്കു വേണ്ടിയായിരുന്നു റീൽസ് ചിത്രീകരണം. കമ്പനിയുടെ ആളുകൾ തന്നെയാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാളെ പോസ്റ്റുമോർട്ടം നടത്തും. ഇതിനു ശേഷമായിരിക്കും സംസ്കാരം.