കൊല്ലം: ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പേര് പറഞ്ഞ് പിന്നാക്ക സമുദായങ്ങളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളാനുള്ള ശ്രമമാണ് സവർണപ്രമാണിമാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ മുന്നറിയിപ്പ് നൽകി.

അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കൂടൽമാണിക്യ ക്ഷേത്രത്തിലെ പിന്നാക്കക്കാരനായ കഴകക്കാരന്റെ നിയമനകാര്യത്തിൽ തന്ത്രിമാരുടെ താളത്തിനൊത്ത് തുള്ളിയത് നിർഭാഗ്യകരമായി. അവർണർക്ക് അവകാശബോധം പകർന്നു നൽകിയ അരുവിപ്പുറം പ്രതിഷ്ഠയുടെ 137-ാം വാർഷിക വേളയിലാണ് ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് പിന്നാക്കക്കാരെ പുറത്താക്കിയത്.
കാരാഴ്മയുടെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് ഈ ആധുനിക കാലഘട്ടത്തിലും ജാതി വിവേചനം നടത്തുകയാണ് തന്ത്രിമാർ. ഗുരു, ഗാന്ധിജി സമാഗമത്തിന്റെ നൂറാം വാർഷികത്തിലാണ് ഈ അനീതിയും അനാചാരവും ആവർത്തിക്കപ്പെട്ടതെന്നത് ദൗർഭാഗ്യകരമാണ്. നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നൂറ്റാണ്ടുകളായി നടന്ന പോരാട്ടങ്ങളെ തുടർന്നാണ് പിന്നാക്ക സമുദായങ്ങൾക്ക് മനുഷ്യരെപ്പോലെ ജീവിക്കാൻ അവസരമുണ്ടായത്. പലവിധ ആചാരങ്ങൾ പറഞ്ഞ് സമൂഹത്തെ പഴയ കാലത്തേക്ക് കൊണ്ടുപോകാനുള്ള സവർണ തന്ത്രിമാരുടെ ശ്രമം പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കുണ്ടറ യൂണിയൻ ഭാരവാഹികളുടെയും ശാഖാ ഭാരവാഹികളുടെയും സംയുക്ത യോഗം വ്യക്തമാക്കി.