അൻവറിന്റെ ഡിഎംകെയിൽ പൊട്ടിത്തെറി; രാജിവച്ച ജില്ലാ സെക്രട്ടറി പാലക്കാട് മത്സരിക്കാൻ പത്രിക നൽകി


പാലക്കാട്: പിവി അൻവറിന്റെ പാ‍ർട്ടിയായ ഡിഎംകെയിൽ നിന്ന് രാജിവച്ച ബി ഷമീർ പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് ജില്ലാ സെക്രട്ടറിയായിരുന്ന ബി ഷമീർ രാജിവച്ചത്. അൻവർ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേർ പാർട്ടി വിടുമെന്നും ഷമീർ പ്രതികരിച്ചു.

അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർത്ഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു. തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിന്റെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണെന്നും ബി ഷമീര്‍ പറഞ്ഞു.

അതേസമയം, ഷമീറിനെ തള്ളി അൻവർ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പിവി അൻവറിനെ മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ് സന്ദർശിച്ചിരുന്നു. ചേലക്കരയിൽ എത്തിയാണ് റസാഖ് അൻവറിനെ കണ്ടത്. അൻവർ പറഞ്ഞ കാര്യങ്ങൾ പഠിക്കാനാണ് വന്നതെന്ന് റസാഖ് പറഞ്ഞു. പഠിച്ച ശേഷം പിന്തുണയുടെ കാര്യത്തിൽ തീരുമാനമെടുക്കും. ഇപ്പോൾ താൻ ഇടതുപ ക്ഷത്തിന്റെ ഭാഗമാണെന്നും റസാഖ് പറഞ്ഞു. ഇതിനിടെ, ചേലക്കരയിലെ പിവി അൻവറിന്റെ സ്ഥാനാര്‍ത്ഥി എൻകെ സുധീര്‍ മൂന്ന് സെറ്റ് പത്രിക നല്‍കി.


Read Previous

കഴിച്ചത് ഗോമാംസമല്ല; ഹരിയാനയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്

Read Next

പശ്ചാത്താപമുണ്ടെങ്കിൽ ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശവകുടീരങ്ങൾ കൂടി സരിൻ സന്ദർശിക്കണം’; ഷാഫി പറമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »