കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പൊണ്ണത്തടി നിരക്ക് ഉയരുന്ന പ്രവണത രാജ്യത്തുണ്ട്. എന്നാല്‍ ലാന്‍സെറ്റിന്റെ പുതിയ പഠനം പൊണ്ണത്തടി ഒരു പകര്‍ച്ചവ്യാധിയെന്നോണം വളരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 25 വര്‍ഷം കൂടി പിന്നിടുമ്പോഴേക്കും അതായത് 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും പൊണ്ണത്തടിയുള്ളവരായി മാറുമെന്നാണ് പഠനത്തില്‍ പറയുന്നത്. രാജ്യത്തെ 21.8 കോടി പുരുഷന്‍മാരും 23.1 സ്ത്രീകളും ഉള്‍പ്പടെ 44.9 കോടി ആളുകള്‍ അമിത വണ്ണമുള്ളവരായിരിക്കും

ആഗോളതലത്തില്‍, 2050 ഓടെ മുതിര്‍ന്നവരില്‍ പകുതിയിലധികവും കുട്ടികളിലും കൗമാരക്കാരിലും മൂന്നിലൊന്ന് പേരും അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാകുമെന്നും പഠനം പറയുന്നു.
കൗമാരക്കാരിലും 15നും 24നും ഇടയില്‍ പ്രായമുള്ളവരിലുമാണ് അമിത വണ്ണം കൂടുതല്‍ വ്യാപിക്കുന്നത്. യുവാക്കളില്‍, അമിതഭാരത്തിന്റെയോ പൊണ്ണത്തടിയുടെയോ വ്യാപനം 1990-ല്‍ 0.4 കോടി ആയിരുന്നെങ്കില്‍ 2021-ല്‍ 1.68 കോടിയായി വര്‍ദ്ധിച്ചു, 2050-ല്‍ ഇത് 2.20 കോടിയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
.യുവതികളില്‍ ഈ എണ്ണം 1990-ല്‍ 0.33 കോടി ആയിരുന്നെങ്കില്‍ 2021-ല്‍ 1.3 കോടി ആയി, 2050-ല്‍ 1.69 കോടിയായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. 1990-ല്‍ മുന്നിലുണ്ടായിരുന്ന ചൈനയെയും അമേരിക്കയെയും പിന്തള്ളി 2021-ല്‍ കേവല സംഖ്യകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ഈ വിഭാഗത്തില്‍ ഒന്നാമതെത്തി.