വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താൻ നമുക്കൊന്നും കഴിയില്ലല്ലോ?; അദ്ദേഹം അതു പറയാൻ പാടില്ലായിരുന്നു


കണ്ണൂര്‍ : വി ഡി സതീശന്‍ അധികാരമോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വെള്ളാപ്പള്ളി അതു പറയാന്‍ പാടില്ലായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ. അതിനു പറ്റുമോയെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ല. അത്തരത്തില്‍ ചര്‍ച്ച തുടങ്ങിയെങ്കില്‍ മാധ്യമങ്ങള്‍ അറിയില്ലേയെന്നും കെ സുധാകരന്‍ ചോദിച്ചു. സാമുദായിക നേതാക്കള്‍ കേരളത്തിലെ പൗരന്മാരാണ്. അവര്‍ അവരുടേതായ കാഴ്ചപ്പാടില്‍ അഭിപ്രായം പറഞ്ഞു. അതിന് പൗരന്മാരെന്ന നിലയില്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

അവരും ഒരുപാട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ്. ഒരുപാട് ജനസമ്മതി യുള്ള ആള്‍ക്കാരാണ്. അവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. വി ഡി സതീശന്‍ തറ നേതാവാണെന്നൊന്നും ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആരും പറയാന്‍ നമ്മള്‍ സമ്മതിക്കുകയുമില്ല. വി ഡി സതീശന് രാഷ്ട്രീയ അംഗീകാരം കേരളത്തിലുണ്ട്.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയത് വെറുതെ ആയതല്ല. അദ്ദേഹം ജനങ്ങളെ സേവിച്ചും പാര്‍ട്ടിയെ സേവിച്ചും വളര്‍ന്നുവന്നയാളാണ്. അല്ലാതെ ഇന്നലെ കടന്നുവന്ന ആളൊന്നുമല്ല വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണം എന്നതിനെപ്പറ്റി ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. തുടങ്ങുന്നതിനു മുമ്പേ തര്‍ക്കം വരുമോ?. ഈ വിഷയത്തില്‍ ഒരു തര്‍ക്കവും വരില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇതിനു മുമ്പും കേരളത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഭരിക്കാന്‍ പോകു ന്നത്. വളരെ തഴക്കവും പഴക്കവുമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊന്നും പാര്‍ട്ടിക്ക് പുതുമയല്ല. ഞങ്ങള്‍ അധികാരവടംവലിയുള്ള പാര്‍ട്ടിയൊന്നുമല്ല. അധികാരത്തിനുവേണ്ടി എല്ലാം കളഞ്ഞുകുളിക്കുന്നവരല്ല. പക്വതയും രാഷ്ട്രീയ വിവേകവുമുണ്ട്. ആലോചിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.


Read Previous

കൃത്യനിർവഹണം തടസ്സപ്പെടുത്തി; മലയാളി യുവാവിനെ നാടുകടത്തി സൗദി

Read Next

നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതി; കാസർകോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »