
വടക്കാഞ്ചേരി: നടനും എംഎൽഎയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുമ്പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെ ന്നാണ് ആരോപണം. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്നാണ് നടിയുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് മൊഴി കൈമാറുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേസ് എടുത്തെങ്കിലും തുടർ അന്വേഷണങ്ങൾ പ്രത്യേക സംഘമാകും നടത്തുക. ഇത് സംബന്ധിച്ച് നടി പരാമർശിച്ച ഹോട്ടലിൽ പോലീസ് വിളിച്ച് അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കലും വടക്കാഞ്ചേരി പോലീസ് ഈ വിഷയ ത്തിൽ ഇതുവരെ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, ലൈംഗിക പീഡന പരാതിയിൽ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മുൻകൂർ ജാമ്യത്തേയും സംഘം എതിർത്തേക്കും. മുകേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണം സംഘം കോടതിയിൽ തിങ്കളാഴ്ച സത്യവാങ്മൂലം നൽകും. തിങ്കളാഴ്ചയാണ് മുകേഷിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നതും.