ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ കാണാച്ചരടുകള്‍ കണ്ടെത്താനാകാതെ സിബിഐ, അന്വേഷണം അവസാനിപ്പിച്ചു


കൊച്ചി: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം സിബിഐ അവസാനിപ്പിച്ചു. നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവു മായി മുന്നോട്ടു പോകാനാകില്ലെന്ന് വ്യക്തമാക്കിയ സിബിഐ, ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചു എന്നതിന് തെളിവൊന്നുമില്ലെന്ന് കോടതിയെ അറിയിച്ചു.

2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല.

വീട്ടില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയില്‍ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയുള്ള എരുമേലി വഴി പോകുന്ന ബസില്‍ ജെസ്ന കയറിയതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു.

കോണ്‍ട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്കും സഹോദരന്‍ ജെയ്സ് കോളജിലേക്കും പോയ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞിരുന്നു. പഠിക്കാനുള്ള പുസ്തകങ്ങള്‍ അടങ്ങിയ ചെറിയ ബാഗ് മാത്രമാണ് കൈവശമുണ്ടായിരുന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്‌ന. മകളെ കാണാതായ അന്ന് രാത്രി തന്നെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വെച്ചുച്ചിറ പോലീസിലും പരാതി നല്‍കി.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജയിംസ് 2021 ജനുവരിയില്‍ പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസ് പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ജെസ്‌നയെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് പത്തനംതിട്ട എസ്.പി കെ.ജി സൈമണും പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി.

അന്വേഷണം ഏറ്റെടുക്കാമെന്ന് 2021 ഫെബ്രുവരി 19 ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയും വൈകാതെ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. ജെസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും തുടക്കത്തില്‍ തന്നെ സിബിഐ വ്യക്തമാക്കി യിരുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ടും ജെസ്‌നയുടെ തിരോധാനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ കാണാച്ചരടുകള്‍ കണ്ടെത്താനാകാതെ രാജ്യത്തെ പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയും മുട്ടുമടക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഒപ്പം ജെസ്‌നയുടെ കുടുംബത്തിന്റെ പ്രതീക്ഷയും അവസാനിക്കുന്നു.


Read Previous

ജപ്പാൻ ഭൂചലനത്തിൽ മരണം 50 ആയി: സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക

Read Next

കേസിനെ ബാധിച്ചത് ലോക്കല്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച; സത്യം തെളിയാന്‍ ഏതറ്റം വരെയും പോകുമെന്ന് ജെസ്‌നയുടെ പിതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »