ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ; കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു


കൊല്ലം: ഏറെ കോളിളക്കം സൃഷ്‌ടിച്ച കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കുറ്റപത്രം സമർപ്പിച്ച് നടപടികൾ വേഗത്തിലാക്കി അന്വേഷണ സംഘം. കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ജില്ലാ റൂറൽ ക്രൈംബ്രാഞ്ചി ന്റെ കുറ്റപത്രം. ചാത്തന്നൂർ സ്വദേശിയായ പത്മകുമാറും കുടുംബവും മാത്രമാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.

5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ 2021 മുതൽ തുടങ്ങിയ ഗൂഢാലോ ചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബാലനീതി നിയപ്രകാരവും ഇവർക്കെതിരെ കേസുണ്ട്.

ചാത്തന്നൂർ സ്വദേശി കെആർ പത്മകുമാർ, ഭാര്യ എംആർ അനിതാകുമാരി, മകൾ പി അനുപമ എന്നിവർ മാത്രമാണ് കേസിലെ പ്രതികൾ. സാമ്പത്തിക ബാധ്യത തീർക്കാൻ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി കുട്ടിയെ തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ഓയൂരിൽ നടന്ന തട്ടികൊണ്ട് പോകൽ പദ്ധതി വിജയിച്ചാൽ മറ്റ് കുട്ടികളേയും സമാനമായ രീതിയിൽ തട്ടി കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.

തട്ടികൊണ്ട് പോകലിന് ഇരയായ ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്‌സാക്ഷി. കൂടാതെ 160 സാക്ഷികളും കേസിലുണ്ട്. 150 തൊണ്ടി മുതലുകൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന് 72ആം ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗ സംഘമാണ് അന്വേഷിച്ചത്. ആദ്യഘട്ടത്തിൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെയും ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.

കഴിഞ്ഞ നവംബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വൈകുന്നേരം നാലരയോടെയാണ് ഓയൂരിൽ വച്ച് ആറു വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ട് പോയെന്ന വാർത്ത പടർന്നത്. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പ്രതികളിലേക്ക് പോലീസ് എത്തുന്നതിന് മുൻപ് തന്നെ കുട്ടിയെ ഉപേക്ഷിച്ചു സംഘം കടന്നു കളയുകയായിരുന്നു. പിന്നീട് നീലക്കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.


Read Previous

ജയിലുകളില്‍ തടവുകാരായ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നു; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

Read Next

അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ച് വന്‍ നീക്കം; ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ സൗദി അറേബ്യ; എത്തുക 1867 കോടിയുടെ വെടിക്കോപ്പ്; കരാര്‍ ഒപ്പുവച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »