കൊച്ചി: മണിപ്പൂരില്‍ ക്രൈസ്തവ സഭകള്‍ ശക്തമായി നിലപാട് സ്വീകരിച്ചില്ലെന്ന രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ സഭാധ്യക്ഷന്‍മാരെ വിമര്‍ശിച്ച് രംഗത്തു വന്നത് വലിയ പ്രതിഷേ ധത്തിന് ഇടയാക്കിയിരുന്നു. പിറവത്ത് നവകേരള സദസില്‍ വെച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍ മാരുടെ നിലപാടിനെ പിണറായി വിമര്‍ശിച്ചത്.

മണിപ്പൂരില്‍ ക്രൈസ്തവ സഭകള്‍ ശക്തമായി നിലപാട് സ്വീകരിക്കണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അധികാരത്തിലിരുന്നവര്‍ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും വിമര്‍ശിച്ചു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നതിന്റെ പേരില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ സൗഹൃദത്തിനു വേണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവ കേരള സദസാണ് ഇന്ന് നടന്നത്. വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വികസന വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിന്റെ വികസന മാതൃകകളായി കെ ഫോണ്‍ പദ്ധതിയെയും എം-സേവനം എന്ന മൊബൈല്‍ ആപ്പിനെയും ഉയര്‍ത്തി കാട്ടിയ മുഖ്യമന്ത്രി ഇവ കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇന്നും പല സ്ഥലങ്ങളിലും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി.