കോട്ടയം: കാപ്പിക്കുരു ഉത്പാദനം കുറഞ്ഞതിന് പിന്നാലെ കാപ്പിപ്പൊടി വിലയും കുത്തനെ ഉയർന്ന് 800 ലെത്തി. രാജ്യാന്തര തലത്തിലുണ്ടായ കാപ്പിക്കുരു ക്ഷാമമാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. ആഭ്യന്തര വിപണിയിലും കാപ്പിക്കുരു കിട്ടാനില്ല. ഉയർന്ന വില നൽകാൻ തയ്യാറാണേലും കാപ്പിക്കുരു കിട്ടാനില്ലാത്തത് കാപ്പിപ്പൊടി നിർമ്മാതാക്കളെയും വലയ്ക്കുന്നു.

ഹൈറേഞ്ച്, വയനാട്, കൂർഗ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മദ്ധ്യകേരളത്തിലേക്കാവശ്യമായ കാപ്പിക്കുരു പ്രധാനമായി എത്തുന്നത്. മലബാർ മേഖലകളിൽ കാപ്പിക്കുരു വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളിൽ കാപ്പിക്കുരു പൊടിച്ചുനൽകുന്ന നിരവധി മില്ലുകളും ഇല്ലാതായി. തൊണ്ടോട് കൂടിയ കാപ്പിക്കുരുവിന്റെ വില 270, 280 ഉം, കാപ്പി പരിപ്പിന്റെ വില 450 രൂപയുമായി. ജില്ലയിൽ ഇടവിളയായി കാപ്പി കൃഷി ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് ഉത്പാദനം നാലിലൊന്നായി കുറഞ്ഞു.
തൊഴിലാളി ക്ഷാമം, സംഭരിക്കാൻ സംവിധാനമില്ല
തൊഴിലാളിക്ഷാമവും സംഭരിക്കാൻ സംവിധാനമില്ലാത്തതാണ് മേഖലയിലെ പ്രതിസന്ധി. മുൻപ് കോഫി ബോർഡിന്റെ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാൽ കോഫി ബോർഡ് ഇത് നിറുത്തലാക്കി. കാപ്പിക്കുരു ഉണങ്ങിയെടുക്കുന്നതിനും സംവിധാനമില്ല. ഏലം കർഷകർക്ക് ഡ്രൈയർ സംവിധാനമുള്ളതിനു സമാനമായി കാപ്പി കർഷകർക്കും ഡ്രൈയർ സംവിധാനമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടലാസിൽ ഒതുങ്ങി.
ഗുണ നിലവാരം ഇല്ലേയില്ല
അമിത വിലയ്‌ക്കൊപ്പം കാപ്പിപ്പൊടിയിൽ വൻതോതിൽ കൃത്രിമം നടത്തുന്നതായും പരാതിയുണ്ട്. കാപ്പിക്കുരുവിന്റെ തോട്, തിപ്പൊലി തുടങ്ങിയവ അടക്കമുള്ളവ കാപ്പിപ്പൊടിയിൽ പൊടിച്ചു ചേർക്കുന്നതാണ് ഇതിനു കാരണം. വില വർദ്ധനയുടെ പ്രയോജനം പക്ഷെ കർഷകർക്ക് ലഭിക്കുന്നില്ല. ഉയർന്ന കൂലിയും മറ്റ് ചെലവുകളും ബുദ്ധിമുട്ടിലാഴ്ത്തുന്നു.