കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇന്ന് രാവിലെ കല്‍പ്പറ്റ ബൈപ്പാസിലെ എൽസ്റ്റണ്‍ എസ്റ്റ്റേറ്റ് ഭൂമിയിൽ തേയില ചെടികള്‍ അടക്കം പിഴുതുമാറ്റികൊണ്ട് നിലമൊരുക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് നിര്‍മാണം നടക്കുന്നത്.

എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് കിട്ടി മണിക്കൂറുകൾക്കുള്ളിൽ ആണ് കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത്. കോടതി നിർദ്ദേശപ്രകാരം 17 കോടി രൂപയും സർക്കാർ കോടതിയിൽ കെട്ടി വച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ വേഗത്തിലാക്കിയത്.
അതേസമയം, രാവിലെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി എസ്റ്റേറ്റ് തൊഴിലാളികളെത്തി. പ്രതിഷേധം കണക്കിലെടുത്ത് പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാവ് സി കെ ശശീന്ദ്രൻ അടക്കമുള്ളവരോട് തൊഴിലാളികള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
തങ്ങള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നൽകാതെയാണ് ടൗണ്‍ഷിപ്പ് നിര്‍മാണവുമായി മുന്നോട്ടുപോകുന്നതെന്നും എസ്റ്റേറ്റ് അധികൃതരിൽ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങി നൽകാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് ആവശ്യം. സര്‍ക്കാര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്നും പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് പാഴായെന്നും തൊഴിലാളികള്‍ ആരോപിച്ചു. നാളെ മുതൽ നിര്‍മാണം തടയുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
ഇതിനിടെ, വയനാട് പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി ഇന്നലെ സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്റ്റേറ്റ് ഉടമകൾ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ മുൻകൂട്ടി തടസ ഹര്‍ജി നൽകിയത്.