മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സമവായ നീക്കം; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി ബിഷപ്പുമായി ചര്‍ച്ച നടത്തി


കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി ബിഷപ്പുമാരുമായി ചര്‍ച്ച നടത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും ഉള്‍പ്പെടെയുള്ളവരാണ് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, കോഴിക്കോട് രൂപാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ അടക്കമുള്ള ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയത്. മുനമ്പം സമരസമിതി അംഗങ്ങളും ചര്‍ച്ചയില്‍ സംബന്ധിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ പരിഹാരം കാണാന്‍ മുന്നോട്ടു വന്നില്ലെങ്കില്‍ മുസ്ലിം ലീഗ് അത്തരം ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് കുഞ്ഞാലിക്കുട്ടി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്. അതിരൂപത യുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.

അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം 22 നാണ് സംസ്ഥാന സര്‍ക്കാര്‍ മുനമ്പം വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയ ത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ പ്രായോഗിക പരിഹാരത്തി നാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പ്രശ്‌ന പരിഹാരത്തിനായുള്ള ലീഗ് നേതാക്കളുടെ ശ്രമം സ്വാഗതം ചെയ്യുന്നുവെന്നും നേതാക്കള്‍ നേരിട്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പത്തേത് മാനുഷിക പ്രശ്നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതിനാലാണ് സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്.

രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെ ടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തി പോകേണ്ടത്. 600 ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; കര്‍ശന വിലക്കുമായി സൗദി

Read Next

ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന് മോഡി പറയുന്നത് അദാനിയെക്കുറിച്ച്’; പരിഹാസവുമായി രാഹുല്‍ ഗാന്ധി: സേഫ് ലോക്കറുമായി വാര്‍ത്താ സമ്മേളനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »