ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്


കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

പൊലീസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടായിയെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ഹൈക്കോടതി വിലയിരുത്തി. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുന്തം കുടച്ചക്രം എന്നീ വാക്കുകള്‍ എതു സാഹചര്യത്തിലാണ് ഉപയോഗിച്ചത് എന്ന് പരിശോധിക്കണം. ഫോറന്‍സിക് പരിശോധനയില്ലാതെയാണ് പൊലീസ് റിപ്പോര്‍ട്ടെന്നും കോടതി വിലയിരുത്തി. പ്രസംഗം ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ സമയബന്ധിതമായി അന്വേഷണം പുനരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും, പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ബൈജു എം നോയല്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്ക ണണെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ‘കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. പ്രസം​ഗം വലിയ വിവാദമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.


Read Previous

കള്ളനുണ്ടെന്ന് പൊലീസ്, കാവലിരുന്ന വീട്ടുകാർ ഉറങ്ങിപ്പോയി; കുറ്റി ഇടാത്ത വാതിലിലൂടെ കയറി കള്ളൻ

Read Next

സജി ചെറിയാന്‍ തുടര്‍ന്നാല്‍ അന്വേഷണം പ്രഹസനമാകും’; മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »