ൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 359 ആയി. കാണാതായാവര്‍ക്കായി അഞ്ചാം ദിനവും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. മുണ്ടക്കൈയിലും ചൂരൽ മലയിലും തിരച്ചിലിനായി കൂടുതൽ കഡാവർ നായകളെ എത്തിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് നായകളെ എത്തിച്ചത്. 16 കഡാവർ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്.

ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചൽ എന്ന നായയും ഇന്ന് തിരച്ചിലിനുണ്ടാവും. കഴിഞ്ഞ ദിവസം മലപ്പുറത്തായിരുന്നു എയ്ഞ്ചൽ തിരച്ചിൽ നടത്തിയിരുന്നത്. മറ്റു നായകൾക്ക് പരിക്കേറ്റതോടെയാണ് എയ്ഞ്ചൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം തിരച്ചിലിനിറങ്ങിയ മായക്കും മർഫിക്കും കാലിന് പരിക്കേറ്റിരുന്നു. ഇവ ചികിത്സയി ലാണ്. ഇരുവരും ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. രണ്ടെണ്ണം ചാലിയാറിൽ നിന്നാണ് കിട്ടിയത്. ഡിസാസ്റ്റർ ടൂറിസം അനുവദിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്ത ഭൂമിയിലെ ദൃശ്യങ്ങൾ വിഡിയോ എടുത്ത് പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
സൈന്യം, എന്‍ഡിആര്‍എഫ്, സംസ്ഥാന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വൈത്തിരി താലൂ ക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.