പൂക്കോട് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയെന്ന് വെളിപ്പെടുത്തല്‍; പ്രതികളുമായി ഇന്നും തെളിവെടുപ്പ്


കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നും പ്രതികളുമായി തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച കുന്നിന്‍മുകളിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. രഹാന്‍, ആകാശ് എന്നീ പ്രതികളെ കൊണ്ടു വന്നാണ് തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണെ ഇന്നലെ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതിനിടെ, പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയുണ്ടെന്ന് മുന്‍ പിടിഐ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. മകനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐയില്‍ അംഗത്വമെടുപ്പിച്ചു. ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോര കൊണ്ട് എസ്എഫ്‌ഐ സിന്ദാബാദ് എന്ന് എഴുതിച്ചെന്നും മുന്‍ പിടിഐ പ്രസിഡന്റായിരുന്ന കുഞ്ഞാമു പറഞ്ഞു.

മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത്. ആ കോളജില്‍ നടക്കുന്ന ക്രൂരതകളും തനിക്കറിയാം. എസ്എഫ്‌ഐയില്‍ മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ റാഗ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനെക്കൊണ്ട് അംഗത്വമെടുപ്പിച്ചത്. അവിടെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയും പ്രവര്‍ത്തിക്കാന്‍ പാടില്ല. അതാണ് ഏറ്റവും വലിയ ക്രൂരത. ഇതിന്റെ ബലിയാടാണ് സിദ്ധാര്‍ത്ഥനെന്നും കുഞ്ഞാമു മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണ്. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു. ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നു. എന്നാൽ എസ്എഫ്ഐ ക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു കൂട്ടിച്ചേർത്തു.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റം, ക്രിമിനല്‍ ഗൂഢാ ലോചന തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മാവന്‍ ഷിബു ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിട്ടുള്ള തെന്നും, അന്വേഷണം മുന്നോട്ടുപോകുന്തോറും കേസ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കിയിരുന്നു.

സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയതായി പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായതായി വ്യക്തമാണ്. എന്തുകൊണ്ടാണ് ഇത്ര ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ഗുരുതര വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്താത്തതെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം ചോദിക്കുന്നു.


Read Previous

പി സി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണം’; അനില്‍ ആന്റണിക്കെതിരായ പ്രസ്തവനയില്‍ കെ സുരേന്ദ്രന്‍

Read Next

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »