കൊച്ചിക്കാര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത് പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ്. ആരാണ് പാപ്പാഞ്ഞി എന്ന് അറിയാമോ? എന്തിനാവും പാപ്പാഞ്ഞിയെ കത്തിക്കുന്നത്? പലപ്പോഴും കാഴ്ചയിലും രൂപത്തിലും സാന്താക്ലോസിനോട് സാദൃശ്യമുള്ള പാപ്പാഞ്ഞിമാരാണ് ഉണ്ടായിരുന്നത്. ചുവന്ന ഉടുപ്പും ക്രിസ്മസ് തൊപ്പിയും നീണ്ട വെള്ളത്താടിയുമൊക്കെ പാപ്പാഞ്ഞിയില്‍ കാണാം. ക്രിസ്മസ് അപ്പൂപ്പനല്ല യഥാര്‍ഥത്തില്‍ പപ്പാഞ്ഞി. ഈ അടുത്ത കാലത്തായി പപ്പാഞ്ഞി അതിന്റെ തനത് രൂപത്തിലേക്കും മറ്റ് രൂപങ്ങളിലേക്കും തിരികെ വരുന്ന രീതിയിലാണ് രൂപമാറ്റങ്ങള്‍. ഡിസംബര്‍ 31 രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. 1980 കള്‍ മുതല്‍ കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമാണ് പപ്പാഞ്ഞിയെ കത്തിക്കല്‍.

പോര്‍ച്ചുഗീസില്‍ നിന്നാണ് പാപ്പാഞ്ഞിയുടെ വരവ്. മുത്തശ്ശന്‍ എന്നാണ് പാപ്പാഞ്ഞി എന്ന വാക്കിന്റെ അര്‍ഥം. 1503 മുതല്‍ 1663 വരെ ഫോര്‍ട്ട് കൊച്ചി പോര്‍ച്ചുഗീസു കാരുടെ അധീനതയിലായിരുന്നു. അന്ന് കൊച്ചി രാജാവിന്റെ അനുമതിയോടെ അവര്‍ പണിത കോട്ടയാണ് ഇമ്മാനുവല്‍ കോട്ട അഥവാ ഫോര്‍ട്ട് ഇമ്മാനുവല്‍. ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടകളില്‍ ഒന്നാണിത്. കോട്ടയില്‍ നടന്നുവന്ന പശ്ചാത്യ രീതിയിലുള്ള പുതുവര്‍ഷാഘോഷങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കല്‍ ആരംഭിച്ചതെന്നാണ് കരുതുന്നത്.
അതേസമയം പാപ്പാഞ്ഞിയെ കത്തിക്കല്‍ ജൂതസംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന അഭിപ്രായവുമുണ്ട്. യവനപ്പടയെ തോല്‍പ്പിച്ച് ഇസ്രയേലുകാര്‍ തങ്ങളുടെ നാട് വീണ്ടെടുത്ത ശേഷം ഗ്രീക്ക് പടത്തലവന്‍ ബഗറീസിനെ ജീവനോടെ കത്തിച്ചതിന്റെ ഓര്‍മപുതുക്കലാണ് പപ്പാഞ്ഞിയെ കത്തിക്കലായി മാറിയതെന്നും കരുതപ്പെടുന്നു. പാപ്പാഞ്ഞിയെ കത്തിക്കല്‍ ജൂത സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കരുതുന്ന വരുണ്ട്. യവനപ്പടയെ തോല്‍പ്പിച്ച് ഇസ്രയേലുകാര്‍ തങ്ങളുടെ നാട് വീണ്ടെടുത്ത ശേഷം ഗ്രീക്ക് പടത്തലവന്‍ ബഗറീസിനെ ജീവനോടെ കത്തിച്ചതിന്റെ ഓര്‍മപുതുക്കലാണ് പപ്പാഞ്ഞിയെ കത്തിക്കലായി മാറിയതെന്നും കരുതപ്പെടുന്നു.

ഏതായാലും ഇത്തവണയും പാപ്പാഞ്ഞി വിവാദത്തിലായിരിക്കുകയാണ്. പരേഡ് മൈതാനത്ത് നിര്‍മ്മിച്ച പപ്പാഞ്ഞിക്ക് സമാന്തരമായി വെളി മൈതാനത്ത് നിര്‍മ്മിച്ച പപ്പാഞ്ഞിയെ കത്തിക്കണോ വേണ്ടയോ എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം.
പരേഡ് മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിച്ചാല്‍ മതിയെന്ന് തീരുമാനമായി. കഴിഞ്ഞ വര്‍ഷം പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി മോദിയുടെ മുഖച്ഛായ ഉണ്ടെന്നായിരുന്നു വിവാദം. ഏതായാലും ഒരു വര്‍ഷത്തെ യാത്ര അയച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും കത്തിച്ചു കളയുന്നുവെന്നാണ് വിശ്വാസം.