കള്ളക്കടത്തുകാരില്‍ നിന്നും പി.ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയം, പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും’: പിവി അന്‍വര്‍


തിരുവനന്തപുരം: കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പി ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നതായി ഇടത് മുന്നണി എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പി.ശശി നിരന്തരം തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വസിക്കാന്‍ പറ്റിയ ആളാണ് പി ശശിയെന്ന അഭിപ്രായം എനിക്കില്ല. നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹം പദവിയില്‍ നിന്ന് പുറത്തായത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം. അദ്ദേഹം അതില്‍ നിന്ന് ഒരു തരി പോലും പിന്നോട്ട് പോയിട്ടില്ലെന്ന് മാത്രമല്ല അതില്‍ മുന്നോട്ട് പോവുകയാണ് ചെയ്‌തതെന്ന് പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയാന്‍ ഞാന്‍ നില്‍ക്കില്ല. പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ് എനിക്ക് ആളാവേണ്ട. ഞാന്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നു. പി ശശിയെപ്പറ്റി പരാതിയുമായി നിരവധി പേരാണ് തന്നെ വിളിക്കുന്നത്.

പൊലീസിന്‍റെ മനോവീര്യം തകരരുത് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അന്‍വര്‍ പറഞ്ഞു. പൊലീസിനെക്കൊണ്ട് പൊറുതി മുട്ടിയ കള്ളക്കടത്ത് ലോബിക്ക് വേണ്ടിയാണ് പിവി അന്‍വര്‍ ആരോപണങ്ങളുമായി വരുന്നതെന്ന വാദം അജിത്കുമാറിന്‍റേതാണ്. അതാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത്.

മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റില്‍ ചാടിക്കാനാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവരും പാര്‍ട്ടിയിലെ പ്രമുഖരും ശ്രമിക്കുന്നത്. ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നത്. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കുകയാണ്.

മൂന്നോ നാലോ ശതമാനം ക്രിമിനലുകള്‍ക്ക് മാത്രമാണ് മനോവീര്യം തകരുന്നത്. ഫോണ്‍ സംഭാഷണം പുറത്തുവിടുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് ഞാന്‍ തന്നെ തുറന്ന് സമ്മതിച്ചതാണ്. എന്തിനാണ് എസ്‌പി എംഎല്‍എയുടെ കാല്‍ പിടിക്കുന്നത്. ആ സംഭാഷണം പുറത്തു വിട്ടിരുന്നില്ലെങ്കില്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എനിക്ക് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നില്ല.

പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം ഇനിയും തുടരും. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ മഹത്വവത്‌കരിക്കരുതെന്ന് മുഖ്യമന്ത്രി പറയുന്നു. അതിലും മുഖ്യമന്ത്രി തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് പിടിച്ച 172 കേസുകളില്‍ പ്രതികളെ മുഴുവന്‍ ചോദ്യം ചെയ്യണം. അവരെ എവിടെയൊക്കെ കൊണ്ടുപോയി എന്ന് അന്വേഷിക്കണം. എയര്‍പോര്‍ട്ട് അധികൃതർ കസ്റ്റംസിനെ വിവരം അറിയിക്കാതെ യാണ് വിമാനത്താവളത്തിന്‍റെ മുന്നില്‍ വച്ച് പൊലീസ് സ്വര്‍ണക്കടത്ത് പിടിക്കുന്നത്.

102 സിആര്‍പിസിയിലാണ് ഈ കേസ് മുഴുവന്‍ പൊലീസ് എടുത്തത്. കളവുമുതലാ ണെന്ന് സംശയിച്ച് കസ്റ്റഡിയിലെടുക്കുന്നത് കോടതിയില്‍ നിലനില്‍ക്കില്ല. പൊലീസിന് ഇതില്‍ ഉത്തരവാദിത്വമില്ല. കസ്റ്റംസിനെ ഏല്‍പ്പിക്കാന്‍ ഒരുക്കവുമല്ല. കസ്റ്റംസ് ആക്‌ട് 108 പ്രകാരം രേഖപ്പെടുത്തുന്ന മൊഴിക്ക് കോടതിയില്‍ വിലയുണ്ട്.

നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. ഞാന്‍ എന്‍റെ വീട്ടിലെ കാര്യത്തിനല്ല രംഗത്തിറങ്ങിയത്. പാര്‍ട്ടി നേതാക്കള്‍ക്ക് പോലും പൊലീസ് സ്റ്റേഷനുകളില്‍ കയറിച്ചെല്ലാനാവാത്ത സാഹചര്യം നാട്ടിലുണ്ട്. അതിന് കാരണക്കാരന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്.

പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ സ്വന്തം വഴി നോക്കും. എന്നെ പരമാവധി ജയിലിലടയ്ക്കും‌ അല്ലെങ്കില്‍ കൊല്ലും. എന്നെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. തീയില്‍ കുരുത്ത താന്‍ വെയിലത്ത് വാടില്ല. മുഖ്യമന്ത്രിയുടെ തെറ്റിധാരണ തിരുത്താനില്ല. അത് തെറ്റിധരിപ്പിച്ചവര്‍ തന്നെ തിരുത്തട്ടെയെന്നും പിവി അൻവർ എംഎൽഎ കൂട്ടിച്ചേര്‍ത്തു.


Read Previous

കേരളത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

Read Next

ലെബനനിൽ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടു; 23 വര്‍ഷങ്ങള്‍ക്ക് സ്വദേശത്തേക്ക് മടക്കം, ഗുർതേജ് സിങ്ങിനിത് പുതുജീവന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »