കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് ഡ്രഗ് ഡീലർ സജീറിനെ തേടിയായിരുന്നു. ഇയാളെ അറിയാമെന്ന് ഷൈൻ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈൻ ലഹരി ഉപയോഗം സംബന്ധിച്ച് മൊഴി നൽകിയത്.

എൻഡിപിഎസ് ആക്ട് 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ലഹരി ഉപയോഗത്തിനൊപ്പം ഗൂഢാലോചനയ്ക്കും കേസെടുക്കും. ഷൈനിനെ വൈകാതെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും. ഇന്ന് ഉദ്യോഗസ്ഥരുടെ മൂന്ന് വിഭാഗങ്ങളായാണ് ഷൈനിനെ പൊലീസ് ചോദ്യം ചെയ്തത്. മൂന്ന് സംഘങ്ങളുടെ ചോദ്യം ചെയ്യലിൽ ഷൈൻ പതറിയെന്നാണ് വിവരം.
ചോദ്യം ചെയ്യലിനിടെ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് നൽകിയതെങ്കിലും സൈബർ രേഖകൾ ഷൈനിന് മുന്നിലെത്തിയതോടെ അറിയാമെന്ന് സമ്മതിക്കേണ്ടി വന്നു. ഷൈൻ സജീറുമായി നടത്തിയ ചില ഫോൺകോളുകളുടെ വിവരങ്ങളാണ് സൈബർ വിഭാഗം മുന്നിൽവച്ചത്. പിന്നീട് അങ്ങോട്ടുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നതോടെ താൻ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്നും തനിക്ക് ലഹരി സംഘങ്ങളുമായി ഇടപാടുണ്ടെന്നും പറയാൻ ഷൈൻ നിർബന്ധിതനായി. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിട്ടുള്ളത്.