
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് 5:30ന് ആണ് സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് അഭിനന്ദിനെ അര്‍ജുനന്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. അഭിനന്ദിന്റെ തലയ്ക്കാണു വെട്ടേറ്റത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന അര്‍ജുനനെ കഴിഞ്ഞദിവസം ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. ആചാരത്തിന്റെ ഭാഗമായി ശൂലവും വാളും പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ ഉണ്ടാവാറുണ്ട്. ഇവിടെനിന്നാണ് പ്രതി വാള്‍ എടുത്തത്.