
കൊച്ചി: പറവൂർ ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ അരും കൊല ചെയ്ത കേസിലെ പ്രതി റിതു ജയൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ. ഇയാൾ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു. റിതു കഞ്ചാവിനും മറ്റു ലഹരികൾക്കും അടിമയാണ്. കഞ്ചാവ് വിൽപ്പനയുണ്ടെന്നും നാട്ടുകാർ പറയുന്നു.
കഞ്ചാവ് ലഹരിയിൽ നിരന്തരം ആക്രമണങ്ങൾ നടത്താറുണ്ട്. പൊലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയാണു പതിവെന്നും അയൽവാസികൾ പറഞ്ഞു.
ഇരുമ്പു വടിയുമായി എത്തി വീട്ടിൽ കയറി വീട്ടിലെ നാല് പേരെ ആക്രമിച്ചു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് മരിച്ചത്. മരുമകൻ ജിതിൻ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഈ സമയത്ത് രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർക്കു പരിക്കില്ല.
നേരത്തെ വേണുവും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. ഇയാൾ ഇവരുടെ വീട്ടിൽ നേരത്തെയെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇയാളുടെ പേരിൽ തൃശൂരും എറണാകുളത്തും മൂന്ന് കേസുകണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. രണ്ട് തവണ റിമാൻഡിലുമായിട്ടുണ്ട്. പ്രതി ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് തവണ റിമാൻഡിലുമായിരുന്നു. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്.
കൊലയ്ക്ക് ശേഷം റിതു ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്റ്റേഷനിലെ എസ്ഐയ്ക്കു സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറൽ എസ്പി വ്യക്തമാക്കി.