
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഒളിവില്‍ പോകുകയായിരുന്നു.
ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയാണ് നാരായണദാസ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ചാലക്കുടി നഗരത്തില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തി എന്നാരോപിച്ച് 2023 ഫെബ്രുവരി 27നാണ് ഇവരെ ജയിലിലടച്ചത്.
കുറ്റം ചെയ്യാതെ ഷീല സണ്ണി 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. പിന്നീട് അന്വേഷണത്തില്‍ കേസ് വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
പ്രതിയെ പിടികൂടിയതിൽ സന്തോഷം : ഷീല സണ്ണി
കേസിലെ മുഖ്യപ്രതി നാരായണദാസിനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതി കരിച്ചു. ആർക്കു വേണ്ടിയാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അറിയണം. തന്റെ ബാഗിലും സ്കൂട്ടറിലും ലഹരിമരുന്ന് വെച്ചയാളെ പിടികൂടണമെന്നും ഷീല സണ്ണി ആവശ്യപ്പെട്ടു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഷീല സണ്ണി പുതിയ പാർലർ തുടങ്ങിയെങ്കിലും ആളുകൾ സംശയദൃഷ്ടിയോടെ കണ്ടതിനാൽ അത് അടച്ചുപൂട്ടേണ്ടി വന്നു. തുടർന്ന് നാടുവിട്ട ഷീല ഇപ്പോൾ ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി ചെയ്യുകയാണ്.