ദുരന്തമുഖത്തെ പെണ്‍സാന്നിധ്യം, ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച സിങ്കം , ആരാണ് മേജർ സീത ഷെൽക്കെ?


വയനാട് : കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായത്. രക്ഷാപ്രവർത്തകർക്ക് ദുരന്ത മുഖത്തേക്ക് എത്തിച്ചേരാനുള്ള ഏകമാർഗമായ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടയ്‌ക്ക് ഉണ്ടാക്കിയ ചെറിയ പാലവും തകർന്നു. തുടർന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിക്കുകയാണുണ്ടായത്.

നദിയിലെ കുത്തൊഴുക്കിനെയും കനത്ത മഴയേയും വകവയ്‌ക്കാതെ രാവും പകലുമെന്ന വ്യത്യാസമില്ലാതെ നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായിരുന്നു ബെയ്‌ലി പാലം. ഈ നിർമാണത്തിന് പിന്നിൽ ഇന്ത്യൻ ആർമിയുടെ വനിത ഉദ്യോഗസ്ഥയായ മേജർ സീത ഷെൽക്കെയാണ്. ദുരന്ത മുഖത്ത് രക്ഷാപ്രവർത്തന ത്തിനെത്തിയ ഈ പെണ്‍കരങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ബെയ്‌ലി പാലം നിർമിച്ച എന്‍ജിനിയറാണ് സീത ഷെൽക്കെ. രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിൽ ബെയ്‌ലി പാലത്തിന്‍റെ നിർമാണം നിർണായകമായിരുന്നു എന്നതിനാൽ തന്നെ കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ബെയ്‌ലി പാലത്തിന്‍റെ നിർമാണം.

പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇവരുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലെത്തിയതോടെ നിറഞ്ഞ കയ്യടികളാണ് സീതയ്‌ക്ക് ലഭിക്കുന്നത്. മഹാ രാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ 600 പേർ മാത്രമുള്ള ഒരു ചെറുഗ്രാമത്തിൽ നിന്നും സൈന്യത്തിലെത്തിയ സീത ഷെൽക്കെ ഇന്ന് സൈന്യത്തിന്‍റെ മദ്രാസ് എന്‍ ജിനിയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയാണ്. ഐപിഎസുകാരിയാകണമെന്ന മോഹം പൂവണിയാതെ വന്നതോടെയാണ് സീത സൈന്യത്തിന്‍റെ ഭാഗമാകാന്‍ തീരുമാനി ക്കുന്നത്.

2012ലാണ് ഇവർ സൈന്യത്തിലേക്ക് പ്രവേശിക്കുന്നത്. രക്ഷിതാക്കളിൽ നിന്നും ലഭിച്ച പിന്തുണ തന്നെയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് സീത ഷെൽക്കെ പറയുന്നു. 190 അടി നീളത്തിലാണ് പാലം നിര്‍മിച്ചത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ പാലത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രി കള്‍ അടക്കം എത്തിക്കുന്നത്.


Read Previous

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നു

Read Next

ചക്രവ്യൂഹ പ്രസംഗത്തില്‍ തനിക്കെതിരെ ഇഡി റെയ്‌ഡിനു നീക്കമെന്ന് രാഹുല്‍, തുറന്ന കൈകളോടെ ‘ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »