സ്‌കൂൾ ഹാളിലേക്ക് ‘അവസാനമായെത്തി’, തടിച്ചുകൂടി നാട്ടുകാരും സഹപാഠികളും; നേദ്യയ്ക്ക് ജന്മനാടിന്റെ യാത്രാമൊഴി


കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുറുമാത്തൂര്‍ ചിന്‍മയ സ്‌കൂള്‍ അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നേദ്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടുകാരും സഹപാഠികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

ജനുവരി ഒന്നിന് സ്‌കൂളിലെ പുതുവത്സര ആഘോഷം കഴിഞ്ഞ് അനുജത്തിക്ക് ഒരു കഷ്ണം കേക്കു മായാണ് നേദ്യ വീട്ടിലേക്ക് പോയത്. കളിച്ച് രസിച്ച അതേ സ്‌കൂള്‍ ഹാളിലേക്ക് ചേതനയറ്റ ശരീരമായി നേദ്യ മടങ്ങിയെത്തിയത് സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി. നടുക്കം വിട്ടുമാറാതെയാണ് കൂട്ടുകാരും, അധ്യാപകരും നേദ്യയെ ഒരു നോക്ക് കാണാനായി എത്തിയത്.

രാവിലെ 10 മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്ത നേദ്യയുടെ മൃതദേഹം 12 മണിയോടെയാണ് ആംബുലന്‍സില്‍ കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയ അങ്കണത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും കരച്ചില്‍ കൂടി നിന്നവരുടെയും കണ്ണ് നിറച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കുറുമാത്തൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങ്.

അതിനിടെ, അപകടമുണ്ടാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ധിനെതിരെ നരഹത്യ കുറ്റം ചുമത്തി ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവര്‍ നിസാമുദ്ധീന്റെ വാദം മോട്ടോര്‍ വാഹന വകുപ്പും തള്ളിയിട്ടുണ്ട്. ബസിന് യാതൊരു സാങ്കേതിക തകരാറുമില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍.

അപകടം ഉണ്ടായ അതേ സമയത്ത് നിസാമുദ്ധീന്‍ വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നതില്‍ വ്യക്തതക്കായി മോട്ടോര്‍ വാഹന വകുപ്പ് സൈബര്‍ സെല്ലിനോട് വിവരം തേടിയിട്ടുണ്ട്. നിസാമുദ്ധീന്‍ അമിത വേഗതയിലാണ് പലപ്പോഴും വാഹനമോടിച്ചിരുന്നതെന്ന് അപകടത്തില്‍പ്പെട്ട കുട്ടികളും രക്ഷിതാക്കളും പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ശ്രീകണ്ഠാ പുരം – തളിപ്പറമ്പ് സംസ്ഥാന പാതയിലെ വളക്കൈയില്‍ കുറുമാത്തൂര്‍ ചിന്‍മയാ വിദ്യാലയത്തിന്റെ ബസ് മറിഞ്ഞ് അഞ്ചാം ക്‌ളാസുകാരി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.


Read Previous

ആചാരങ്ങൾ മാറ്റാൻ പറയാൻ ഇവരൊക്കെ ആര്?; ക്രിസ്ത്യാനിയെയോ മുസ്ലീമിനെയോ വിമർശിക്കാൻ മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ധൈര്യമുണ്ടോ?’

Read Next

അമ്മയ്ക്കായി പ്രാർഥിച്ച എല്ലാവർക്കും നന്ദി; വേദന മാറി, രണ്ടുദിവസത്തിനകം വെന്റിലേറ്റിൽ നിന്ന് മാറ്റും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »