രാജ്യത്ത് തന്നെ ആദ്യ പദ്ധതി കൊച്ചിയിൽ ,​ നടപ്പാക്കുന്നത് ഒരു കോടി രൂപ ചെലവിൽ


കൊച്ചി: ഡോക്ടറടക്കം നാല് ജീവനക്കാർ, ആധുനിക ഒ.പി ചികാത്സാ സംവിധാനങ്ങൾ, അതിവേഗത്തിൽ കുതിക്കാനുള്ള ശേഷി… രാജ്യത്തെ ആദ്യ ഹരിത (ഹൈബ്രിഡ്) മറൈൻ ആംബുലൻസ് കം ഡിസ്‌പെൻസറി ‘ഹോപ്പ് ഓൺ’ 18ന് നീറ്റിലിറങ്ങും. 13 ദ്വീപുകൾ ചേർന്ന ജില്ലയിലെ ടൂറിസം ഗ്രാമമായ കടമക്കുടിലാണ് ഹോപ്പ് ഓൺ സേവനം. വൈകിട്ട് മൂന്നിന് മന്ത്രി പി. രാജീവ് ഈ മറൈൻ ആംബുലൻസ് നാടിന് സമർപ്പിക്കും.

വാടക ബോട്ട് ഉപയോഗിച്ചിരുന്ന ഡിസ്‌പെൻസറിയായിരുന്നു ആശ്രയം. എന്നാൽ കാലപ്പഴക്കം ചെന്ന ബോട്ട് മാർച്ച് 31ന് പിൻവലിച്ചതോടെ ദ്വീപ് നിവാസികളുടെ ദുരിതത്തിലായി. ഇതോടെ രാജ്യാന്തര ലോജിസ്റ്റിക്‌സ് കമ്പനിയായ യൂണിഫീഡർ, സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ആംബുലൻസ് നിർമ്മിച്ച് നൽകുകയായിരുന്നു.

ബോട്ടിന്റെ ഇന്ധനച്ചെലവ് ഉൾപ്പെടെ പഞ്ചായത്തും ഡോക്ടറുടെയും മറ്റ് മെഡിക്കൽ സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളം എൻ.എച്ച്.എമ്മും വഹിക്കും. ആദ്യത്തെ രണ്ട് വർഷം പ്ലാനറ്റ് എർത്ത് എന്ന സർക്കാരിതര സംഘടനയുടെ പേരിലാകും ബോട്ട് രജിസ്റ്റർ ചെയ്യുക. ശേഷം ഉടമസ്ഥാവകാശം പഞ്ചായത്തിന് കൈമാറും.

ചികിത്സയും മരുന്നും സൗജന്യമായിരിക്കും. അടിയന്തര സേവനങ്ങൾക്കും ബോട്ടിന്റെ സമയക്രമം അറിയുന്നതിനും ഒരു ഹെൽപ്പ് ലൈൻ നമ്പർ വൈകാതെ നിലവിൽവരും.

വെള്ളത്തിലെ ഡിസ്‌പെൻസറി
ഏകദേശം 2,400ൽ അധികം ആളുകൾ ഓരോ മാസവും ദ്വീപുകളിൽ നിന്ന് ചികിത്സ തേടി നഗരത്തിലേക്കെത്തുന്നുവെന്നാണ് കണക്ക്. തുടർന്നാണ് ബോട്ട് ഡിസ്‌പെൻസറി ആരംഭിച്ചത്. പിഴല, മൂലമ്പിള്ളി, കോതാട്, ചേന്നൂർ, കരിക്കാംതുരുത്ത്, കണ്ടനാട്, പാലിയംതുരുത്ത്, പുതശേരി, ചരിയംതുരുത്ത്, വലിയ കടമക്കുടി, ചെറിയ കടമക്കുടി, മുറിക്കൽ, കോരാമ്പാടം എന്നീ ദ്വീപുകളിലെ ബോട്ട് ജെട്ടിയിൽ താത്കാലിക സൗകര്യമൊരുക്കിയാണ് ഡോക്ടർമാർ രോഗികളെ കണ്ടിരുന്നത്.

ഒരു കോടിയുടെ പദ്ധതി
നിർമ്മാണത്തിനായി ഏകദേശം 92 ലക്ഷമാണ് ചെലവ്. സോളാർ ഊർജ്ജത്തിലും ഇലക്ട്രിക് പവർ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. 13.25 മീറ്റർ ഉയരവും 3.3 മീറ്റർ വീതിയുമുള്ള ബോട്ടിൽ ഒരേ സമയം പത്ത് പേർക്ക് വരെ കയറാനാകും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങളുമുണ്ട്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കുായി ഏകദേശം എട്ട് ലക്ഷം രൂപയോളം ചെലവഴിക്കും.

അത്യാധുനിക മറൈൻ അംബുലൻസ് വരുന്നത് കടമക്കുടിക്ക് ഏറെ ഗുണകരമാണ്. പഞ്ചായത്ത് ഫെറിയും വഞ്ചികളെയും ആശ്രയിച്ച് കഴിയുന്നവരാണ് കടമക്കുടി നിവാസികൾ.


Read Previous

വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി

Read Next

ദിവസങ്ങൾക്കുള്ളിൽ കടകൾ കാലിയാകും,​ റേഷൻ കടകളിൽ നിന്ന് അരിയുൾപ്പെടെ ലഭിക്കില്ല,​ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »