
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും. നാളെ മുതൽ 9വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം. 30 വർഷങ്ങൾക്ക് ശേഷമാണ് ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്.
കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച പതാക, ദീപശിഖ, കൊടിമര ജാഥകൾ ഇന്ന് വൈകിട്ട് 5ന് പൊതുസമ്മേളന നഗരിയായ കൊല്ലം ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. ജില്ലയിലെ 23 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകളുമെത്തും. സംഘാടക സമിതി ചെയർമാനായ മന്ത്രി കെ.എൻ.ബാലഗോപാൽ പതാക ഉയർത്തും.
9ന് ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും കാൽലക്ഷം റെഡ് വോളന്റിയർമാരുടെ പരേഡും നടക്കും. നാളെ രാവിലെ 10ന് ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണ റായി വിജയൻ പാർട്ടി പതാക ഉയർത്തും. തുടർന്ന് പൊളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികൾ’ എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.പൊളിറ്റ് ബ്യൂറോ അംഗങ്ങ ളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയ രാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും.