ചെങ്കുത്തായ പാറപ്പൊത്തില്‍ നിന്ന് രക്ഷിച്ചത് നാലുപിഞ്ചുകുഞ്ഞുങ്ങളെ; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബിഗ് സല്യൂട്ട്


കല്‍പ്പറ്റ: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന് പിന്നാലെ ജോലിക്കായി അട്ടമല വനത്തിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തില്‍ നിന്ന് രക്ഷിച്ചത് നാലു പിഞ്ചുകുഞ്ഞുങ്ങള്‍ അടങ്ങുന്ന ആദിവാസി കുടുംബത്തെ. കിലോമീറ്ററുകള്‍ കയറിയും ഇറങ്ങിയുമാണ് അവര്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജയചന്ദ്രന്‍, കല്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ അനില്‍ കുമാര്‍, കല്പറ്റ ആര്‍ആര്‍ടി അംഗം അനൂപ് തോമസ് എന്നിവരാണ് രക്ഷാദൗത്യം നടത്തിയത്.

ഉരുള്‍പൊട്ടിയ ദിവസം രാവിലെ വനത്തിലേക്ക് പോയപ്പോള്‍ ഒരു യുവതിയെയും 4 വയസ്സ് തോന്നിക്കുന്ന ചെറിയ കുട്ടിയെയും കാട്ടില്‍ കണ്ടിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ആഷിഫ് പറയുന്നു. എവിടേക്ക് പോകുന്നുവെന്ന് ചോദിച്ചപ്പോള്‍ വെറുതെ ഇറങ്ങിയതാണെന്ന രീതിയിലായിരുന്നു മറുപടി. ഭക്ഷണത്തിനായി ഇറങ്ങിയതാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും അവരത് പറഞ്ഞില്ല. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് രാവിലെ വനത്തിനുള്ളില്‍ യുവതിയെയും കുഞ്ഞിനെയും വീണ്ടും കണ്ടു. ഭക്ഷണം കിട്ടാതെ വലഞ്ഞ് ഭയപ്പെട്ട് നില്‍ക്കുകയായിരുന്നു അവര്‍.സാധാരണ പുറത്തുനിന്നുള്ള മനുഷ്യരെ കണ്ടാല്‍ ഓടിമാറുന്ന അവര്‍ ഇത്തവണ അതിനൊന്നും ശ്രമിച്ചില്ലെന്ന് ആഷിഷ് പറഞ്ഞു.

അടുത്തുള്ള ഒരു പാടി ചവിട്ടിപ്പൊളിച്ച് കുഞ്ഞിനെയും യുവതിയെയും അതിനുള്ളിലേക്ക് മാറ്റി. കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റുകളില്‍ ഒന്നു കൊടുത്ത് പുതപ്പിച്ചു. ഡോക്ടറെ വിവരമറിയിക്കുകയും ഉടന്‍ തന്നെ അദ്ദേഹമെത്തി പരിശോധിക്കുകയും ചെയ്തു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പേര് ശാന്തയെന്നാണെന്നും ചൂരല്‍മല ഏറാട്ടുകുണ്ട് ഊരിലാണ് താമസിക്കുന്നതെന്നും പറഞ്ഞത്. ശാന്തയ്‌ക്കൊപ്പമുള്ള കുഞ്ഞിനെ കൂടാതെ 3 ചെറിയ മക്കളും ഭര്‍ത്താവും ഊരിലെ പാറപ്പൊത്തിലുള്ള താമസിക്കുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.

ഞങ്ങള്‍ക്കറിയുന്ന സ്ഥലമാണത്. പെരുംമഴയില്‍ അവര്‍ അവിടെ താമസിക്കുന്നതിലെ അപകടം മനസ്സിലാക്കിയ തങ്ങള്‍ അവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. ഉടന്‍ അട്ടമല പള്ളിയുടെ മുകളില്‍ കയറി അവിടെയുണ്ടായിരുന്ന കയര്‍ ഊരിയെടുത്തു നാലാളും ചേര്‍ന്ന് ഏറാട്ടുകുണ്ടിലേക്ക് തിരിച്ചു. എത്തിയപ്പോഴാണ് അപകടം മനസ്സിലായത്. ചെങ്കുത്തായ ഇറക്കം. ചുറ്റും മൂടിയ കോട, മഴ പെയ്ത് വഴുക്കുനിറഞ്ഞ വലിയ പാറക്കൂട്ടം. കാലുതെറ്റി താഴേക്കുപോയാല്‍ ബോഡി പോലും കിട്ടാത്തത്ര വലിയ താഴ്ച. ഏഴുകിലോമീറ്റര്‍ വരുന്ന ഈ സ്ഥലത്തേക്ക് കയര്‍ മരത്തില്‍ക്കെട്ടി തൂങ്ങി ഇറങ്ങി എങ്ങനെയൊക്കയോ അവിടെ എത്തുകയായിരുന്നു

ശാന്തയുടെ ഭര്‍ത്താവ് കൃഷ്ണന്‍ പാറപ്പൊത്തിന്റെ മൂലയില്‍ ചുരുണ്ടുകൂടി ഇരിക്കുന്നു. ഒന്നും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളിലൊരാള്‍ അടുപ്പുകല്ലിനിടയില്‍ ഇരിക്കുന്നു. എന്തോ കായ അവര്‍ കഴിക്കുന്നുണ്ട്. ഇത് കണ്ടതോടെ എല്ലാവരും കരഞ്ഞുപോയി ആഷിഫ് പറയുന്നു. ഉടനെ ആ കുട്ടികളെ കൈയിലെടുത്ത് ചൂടു നല്‍കി. കൈയിലിരുന്ന ഭക്ഷണവും വെള്ളവും കൊടുത്ത് ചേര്‍ത്തുനിര്‍ത്തി. കൃഷ്ണനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയാണ് താഴെയ്ക്ക് കൊണ്ടുവന്നത്.

കയ്യിലുണ്ടായിരുന്ന മറ്റൊരു ബെഡ്ഷീറ്റ് മൂന്നായി കീറി മൂന്നു കുഞ്ഞുങ്ങളെയും അനൂപും അനിലും കൃഷ്ണനും ശരീരത്തോട് ചേര്‍ത്തുകെട്ടി. ഇറങ്ങിയതിനേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു തിരിച്ചുകയറ്റം. അതിന് നാലര മണിക്കൂര്‍ സമയം എടുക്കേണ്ടിവന്നു. മുകളിലെത്തിയതോടെ കൃഷ്ണനെയും കുഞ്ഞുങ്ങളെയും വനംവകുപ്പിന്റെ ആന്റി പോച്ചിങ് ക്യാംപില്‍ (എപിസി) എത്തിച്ചു. എപിസിയില്‍നിന്ന് രണ്ടു കിലോമീറ്ററോളം അകലെയായിരുന്നു ശാന്തയെയും മൂത്ത കുട്ടിയെയും താമസിപ്പിച്ചിരുന്നത്. രാത്രിയായതോടെ ശിശിന എന്നൊരു വനിത ബിഎഫ്ഒയെ ശാന്തയുടെ അടുത്തേക്കയച്ചു. കൃഷ്ണനും മക്കളും എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് എപിസിയിലെത്തിച്ചു. അത്യാവശ്യം ഭക്ഷണവും വീട്ടുസാധനങ്ങളും നല്‍കി രാത്രി അവരെ അവിടെ പാര്‍പ്പിച്ചു ഞങ്ങള്‍ തിരിച്ചിറങ്ങി.രാവിലെ ചെല്ലുമ്പോഴേക്കും അവര്‍ ഊരിലേക്ക് തിരികെപ്പോകുമോയെന്ന് ഭയമുണ്ടായിരുന്നു. ഭാഗ്യവശാല്‍ അതുണ്ടായില്ല. അവര്‍ അവിടെ തന്നെയുണ്ട്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചു, കുഞ്ഞുങ്ങള്‍ക്ക് പുത്തന്‍ ഷൂ വാങ്ങിനല്‍കിയതായും അഷിഫ് പറയുന്നു.


Read Previous

റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം; മുണ്ടക്കൈയില്‍ മണ്ണുമാറ്റി പരിശോധന; പ്രതീക്ഷ

Read Next

ജീവന്‍ രക്ഷിക്കാന്‍ മലമുകളിലേക്ക് വലിഞ്ഞുകയറി, മുന്നില്‍ കാട്ടാന, നേരം വെളുപ്പിച്ചത് കൊമ്പന്റെ കാല്‍ചുവട്ടില്‍ കിടന്ന്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »