
എറണാകുളം അങ്കമാലിയിൽ ഗുണ്ടാനേതാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. നടപടി വൈകില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം 31ന് വിരമിക്കാനിരിക്കാനിരിക്കെയാണ് സാബു വിവാദത്തിൽപ്പെടുന്നത്. നേരത്തെ ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയും ആലപ്പുഴ എസ് പി സസ്പെൻഡ്(suspend) ചെയ്തിരുന്നു. വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പോലീസുകാരൻ.
ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരു മാണ് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിനെത്തിയത്. ഇതിനിടെ ഈ വീട്ടിൽ പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈ എസ്പി ശുചിമുറിയിൽ ഒളിച്ചത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു.
തമ്മനം ഫൈസലിന്റെ അങ്കമാലി പുളിയാനത്തെ വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. ഇയാൾ നിരവധി കുറ്റകൃത്യ ങ്ങളിൽ പങ്കാളിയാണ്. ഗുണ്ടാ ആക്രമണങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തുടനീളം ഓപ്പറേഷന്‍ ആഗ് എന്ന പേരിൽ പൊലീസ് നടത്തുന്ന പരിശോധനയ്ക്കിടെയാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് സംഘമെത്തിയത്.