അടുത്ത മാസം 25ന് ഹാജരാകണം; വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്


കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ നീക്കം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നറിഞ്ഞിട്ടും മറച്ചു വെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം പറയുന്നു. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കി കുറ്റപത്രം നല്‍കുകയായിരുന്നു.

13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍.

2016 ഏപ്രിലില്‍ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വര്‍ഷം മാര്‍ച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം വീഴ്ചയെന്ന് ആരോപിച്ച വാളയാറിലെ അമ്മയുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരകളാണ് നടന്നിരുന്നത്.


Read Previous

ആര്യാടൻ ഷൗക്കത്തിന് സ്വീകരണം നൽകി. ഷിഫയിലെ ഓ ഐ സി സി പ്രവര്‍ത്തകര്‍

Read Next

രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »