ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി, പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു’; പി ജയരാജനെതിരെ മനു തോമസ്; മനു തോമസിനെതിരെ നിയമനടപടിയെന്ന് പി ജയരാജൻ;വിപ്ലവകാരിയുടെ പതനം മാധ്യമങ്ങൾ ആഘോഷിക്കുന്നു


കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെ വെല്ലുവിളിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയി ലാക്കിയ നേതാവാണ് പി ജയരാജന്‍. പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പി ജയരാജന്‍ ശ്രമിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരം ഉണ്ടാക്കിയത് പി ജയരാജന്‍ ആണെന്നും മനു തോമസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസ് പി ജയരാജനെതിരെ രംഗത്തു വന്നത്.

നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പി ജയരാജന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

മനു തോമസിനെതിരെ പരസ്യ വിമർശനവുമായി പി ജയരാജൻ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മാധ്യമങ്ങളുടെ സിപിഎം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തി യിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യ പ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞ​ദിവസമാണ് മനു തോമസ് പാർട്ടി വിട്ടത്.

മറുപടിയുമായി പി ജയരാജന്‍ സിപിഎം ബന്ധം ഉപേക്ഷിച്ച മനു തോമസിനെതിരെ പ്രതികരണവുമായി പി ജയരാജൻ. ഒരു വിപ്ലവകാരിയുടെ പതനം ആഘോഷമാക്കുക യാണ് മാധ്യമങ്ങൾ. തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ആണ് മനു തോമസ് ഉന്നയിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക്‌ പോസ്റ്റിന്‍റെ പൂർണ രൂപം ഇങ്ങനെ

ഒരു ‘വിപ്ലവകാരി’യുടെ പതനം വലതുപക്ഷ മാധ്യമങ്ങള്‍ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക. ചപ്പാരപ്പടവിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഒരു യുവാവ് കോളജ് ജീവിത കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ആയി. കോളജ് യൂണിയന്‍ ഭാരവാഹി ആയി, എസ്എഫ്ഐ നേതാവ് ആയി.

ഡിവൈഎഫ്ഐ യുടെ നേതാവ് ആയി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സിപിഐ(എം) അംഗമാകുന്നു. ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു. കൊല്ലങ്ങളായി സിപിഐ(എം) നേതാവായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് 2024 ജൂണ്‍ 24 ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം.

അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ജയില്‍ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നല്‍കാത്ത ‘അനീതിക്കെതിരായ പോരാളി’ പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്‍റെ പിന്നിലെന്താണ്? ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം സിപിഐ(എം) ല്‍ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു. അത്തരമൊരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാന്‍ പറ്റും എന്നാണ് മാധ്യമ ശ്രമം.

ഈ മാധ്യമ ശ്രമത്തിന്‍റെ ഭാഗമെന്നോണം ജൂണ്‍ 25 ന്‍റെ മനോരമ പത്രത്തില്‍ എനിക്കെതിരെയും അദ്ദേഹം ഒരു പരാമര്‍ശം നടത്തിയതായി കാണുന്നു. അത് ഒരു പൊതുപ്രവര്‍ത്തകനായ എന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍, എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് നില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല. അതേസമയം പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്‍റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്.

അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും, തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ്.

പാര്‍ട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്‌കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്‍റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാന്‍ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Read Previous

വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു

Read Next

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; കോട്ടയത്തും പത്തനംതിട്ടയിലും രാത്രി യാത്രക്കും, തൊഴിലുറപ്പ് ജോലികള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുളള പ്രവേശനത്തിനും നിരോധനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular