
പരിക്കേറ്റ് വീട്ടുമുറ്റത്തെത്തിയ മയിലിനെ കൊന്ന് കറിവച്ച് കഴിച്ചയാൾ അറസ്റ്റിൽ. മയിലിനെ എറിഞ്ഞുവീഴ്ത്തി ഭക്ഷിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശി തോമസാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് മയിൽ മാംസവും പിടിച്ചെടുത്തു. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് തോമസിൻ്റെ വീടിന് മുന്നിലെ ത്തിയ മയിൽ കാലിൽ പരിക്കുള്ളതിനാൽ മുടന്തിയാണ് നടന്നത്. ഇത് കണ്ട മരക്കൊമ്പെറിഞ്ഞ് തോമസ് മയിലിനെ കൊന്നു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് തോമസ് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ ഉപേക്ഷിച്ചു. മയിലിറച്ചി കറിവെച്ച് കഴിക്കുകയും ചെയ്തു.
തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തിൽ വനം വകുപ്പ് പ്രതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട്ടിൽ നിന്ന് മയിൽ മാസം കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.