കോഴിക്കോട് : കനത്ത മഴയിൽ മാവൂർ ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗ്രാമീണ റോഡുകൾ ഏറെയും വെള്ളത്തിനടിയിലാണ്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചാലിയാറും ചെറുപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്.

ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിൻ്റെ ഷട്ടറുകൾ പൂർണമായും തുറന്നു. മാവൂർ കച്ചേരി കുന്നിൽ വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ വീട്ടുകാർ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. ഈ ഭാഗത്ത് നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ചാത്തമംഗലം പഞ്ചായത്തിൽ വെള്ളനൂർ, വിരിപ്പിൽപാടം, കോട്ടയത്താഴം, സങ്കേതം വയൽ എന്നിവിടങ്ങളിലും വെള്ളം കയറി. ഈ ഭാഗത്തെ ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതവും ഇന്നലെ മുതൽ തടസപ്പെട്ടിട്ടുണ്ട്.
പുഴകൾ നിറഞ്ഞു കവിയുകയും വെള്ളപ്പൊക്ക സാധ്യത വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാവൂർ, കുന്ദമംഗലം പൊലീസ് അറിയിച്ചു. കൂടാതെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണി നേരിടാൻവേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.