ഞാന്‍ ഇവിടെ തന്നെ ഉണ്ട് എങ്ങും പോയിട്ടില്ല മാധ്യമങ്ങളുടെ സ്നേഹത്തിനു ഒത്തിരി നന്ദി;എം എല്‍ എ മുകേഷ്


കൊല്ലം: കൊല്ലം എംഎൽഎയായ മുകേഷ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം എത്താത്തത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ലൈംഗിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം എം.മുകേഷിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ വന്നത്. എന്നാൽ ഇപ്പോഴിതാ സമ്മേളന വേദിയിൽ എത്താത്തതിൽ വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്.

ജോലിത്തിരക്ക് കാരണമാണ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. പാർട്ടി അംഗമല്ലാത്തതിനാൽ സമ്മേളനത്തിന്റെ ഭാഗമാകാൻ പരിമിതികളുണ്ടായിരുന്നു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്യാൻ എത്തിയിരുന്നു. രണ്ട് ദിവസം ഇവിടെ ഇല്ലായിരുന്നു. മാദ്ധ്യമങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി. അടുത്ത മാസം എംഎൽഎമാരുടെ ടൂർ ഉണ്ട്. ആ സമയത്ത് കണ്ടില്ലെന്ന് പറയരുത്. ഇത്രയും ഗംഭീരമായി സമ്മേളനം നടക്കുന്നതിന് കൊല്ലത്തിന് അഭിമാനിക്കാം’- മുകേഷ് പറഞ്ഞു.

മുകേഷ് എവിടെയാണെന്ന് തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് എം മുകേഷിനെതിരെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോർഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിച്ചിരുന്നില്ല.

പിതാവായ ഒ മാധവന്റെ പേരിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനത്തിനൊഴികെ പൊതുപരിപാടികൾക്കും കുറ്റപത്രം സമർപ്പിച്ച ശേഷം മുകേഷ് കാര്യമായി പങ്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാർട്ടി അംഗത്വം നൽകിയിട്ടില്ല.


Read Previous

പൊറോട്ടയും ചിക്കനും മാത്രമേ കഴിക്കൂ; നിലത്ത് കിടക്കില്ലെന്ന് പറഞ്ഞതോടെ അഫാന് പായ വാങ്ങി നൽകി പൊലീസ്

Read Next

മദ്യപ്രേമികള്‍ക്ക് ആശ്വാസവുമായി ബെവ്‌കോ 9 മണി കഴിഞ്ഞാലും മദ്യം നൽകണം; വരിയിലുള്ളവരെ നിരാശരാക്കി മടക്കരുത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »