ചക്ക ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ചക്ക സീസൺ ആയാൽ പിന്നെ ചക്ക കൊണ്ടുള്ള വിവിധ വിഭവങ്ങളായിരിക്കും വീട്ടിൽ. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക പായസം, ചക്ക ഹൽവ, ചക്ക അവിയൽ എന്നിങ്ങനെ പലരീതിയിൽ ചക്ക വയ്ക്കാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ എ,സി, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സാന്നിദ്ധ്യം ചക്കയിലുണ്ട്.

ബാക്ടീരിയ, വൈറസ് എന്നിവ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചെറുക്കുവാനും ഇത് സഹായിക്കുന്നു. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമായ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നുവെന്നത് ചക്കയുടെ മറ്റൊരു പ്രത്യേകതയാണ്. ചക്കക്കുരു പ്രോട്ടീനും മിനറലുകളാലും സമൃദ്ധമാണ്.
ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുവാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എന്നാൽ ഇത്രയും ഗുണങ്ങളുണ്ടെങ്കിലും ചക്ക അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അമിതമായി ചക്ക കഴിക്കുന്നത് പല രോഗങ്ങളും പിടിപെടാൻ കാരണമാകും. അവ എന്തെല്ലാമെന്ന് നോക്കാം.
ചക്ക ചില ആളുകളിൽ അലർജിയുണ്ടാകാം. ഇത് ചർമ്മത്തിൽ പാട്, ഓക്കാനം,ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ചക്ക കഴിക്കുന്നതിന് മുൻപ് അലർജിയുണ്ടോയെന്ന് പരിശോധിക്കുക. അതുപോലെ ചക്ക അമിതമായി കഴിച്ചാൽ ചിലർക്ക് വയറിളക്കവും വയറുവേദനയും ഉണ്ടാകുന്നു. ദഹനപ്രശ്നവും ഉണ്ടാകും. ഗർഭിണികൾ അമിതമായിചക്ക കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ഗർഭിണികൾ ചക്ക കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടുക.