ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം മാലിന്യ കൂനയ്ക്കുളളില്‍ ലഹരിപ്പൊതികള്‍ ഇട്ടുകൊടുത്തായിരുന്നു സൂസിമോളുടെ ലഹരി കച്ചവടം. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് സൂസിമോളാണ്.

കൊച്ചി: കൊച്ചിയിലെ ലഹരി വ്യാപാരത്തിലെ മുഖ്യ ഇടനിലക്കാരിയെന്ന് എക്സൈസ് കണ്ടെത്തിയ ‘തുമ്പിപ്പെണ്ണി’ന് പത്തു വര്‍ഷം തടവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തുമ്പിപ്പെണ്ണ് എന്ന് അറിയപ്പെടുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ എന്ന ഇരുപത്തിനാലുകാരിയും, കൂട്ടാളിയും ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. കലൂരില്‍ നിന്ന് 334 ഗ്രാം എംഡിഎംഎ കണ്ടെത്തിയ കേസിലാണ് കോടതി നടപടി.
2023 ഒക്ടോബര്‍ 13നാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തു നിന്ന് എംഡിഎംഎയുമായി ഒരു യുവതിയടക്കം നാലു പേര്‍ എക്സൈസിന്‍റെ പിടിയിലായത്. ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിച്ച എംഡിഎംഎ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു എക്സൈസ് പട്രോളിംഗ് സംഘത്തിന്‍റെ പരിശോധനയില്‍ സൂസിമോളടക്കം നാല് പേർ കുടുങ്ങിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തുമ്പിപെണ്ണ് എന്ന പേരില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ കുപ്രസിദ്ധയായിരുന്നയാളാണ് പിടിയിലായ സൂസിമോളെന്ന് എക്സൈസ് കണ്ടെത്തിയത്.