ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം കടുപ്പിച്ച് എക്സൈസ്. കണ്ണൂർ സ്വദേശിനിയായ തസ്ലീമ സുൽത്താനയാണ് പിടിയിലായത്. പ്രതി രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയുമായുളള താരങ്ങളുടെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമാ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.

വിദേശത്ത് നിന്നും എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ യുവതി വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. ആലപ്പുഴയിൽ വിതരണക്കാർക്ക് നൽകാൻ കഞ്ചാവുമായെത്തിയപ്പോഴാണ് തസ്ലീമ പിടിയിലായത്.എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീമ തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാൾ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.മുൻപ് പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീമ. ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.
ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തിൽ തസ്ലീമയും സംഘവും നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാട്സാപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടൻ ശേഖരിക്കും. നിലവിൽ വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇവ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു. കാർ വാടകയ്ക്ക് എടുത്താണ് പ്രതികൾ ആവശ്യക്കാർക്ക് ലഹരി എത്തിച്ചിരുന്നത്.