പെരിന്തല്‍മണ്ണ: വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. റിട്ടേണിങ് ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് വീഴ്ച്ച ചൂണ്ടിക്കാണിക്കുന്നത്.

പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ച പറ്റി. തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റര്‍ക്കും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പെരിന്തല്‍മണ്ണ ട്രഷറിയില്‍ സൂക്ഷിക്കേണ്ടിയിരുന്നതാണ് പെരിന്തല്‍മണ്ണ നിയമസഭ തിരഞ്ഞെടുപ്പിലെ തര്‍ക്ക വിഷയമായ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളുടെ പെട്ടി. ഇത് മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവച്ച 348 തപാല്‍ വോട്ടുകളടങ്ങിയ പെട്ടികളില്‍ ഒന്നിനാണ് സ്ഥാനമാറ്റം സംഭവിച്ചത്. അട്ടിമറി ആരോപിച്ച് യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരവും ഇടത് സ്ഥാനാര്‍ഥി കെ.പി.എം മുസ്തഫയും രംഗത്തെ ത്തിയിരുന്നു.
സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് കൗള്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എണ്ണാതിരുന്ന 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടി രുന്നു. ഇത് നടപ്പിലാക്കാന്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പക്ഷെ മൂന്ന് പെട്ടികളില്‍ ഒന്ന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ ഈ പെട്ടി കണ്ടെത്തി.