ഇന്ത്യ എന്റെ രാജ്യമാണ്, അതിന്റെ അഖണ്ഡത തകർക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല’, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്ത് ഒരു വിവാഹം


മലപ്പുറം: തീവ്രവാദ – മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്ത് ഒരു വിവാഹം. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയ ദിനത്തിലാണ് മലപ്പുറം ജില്ലയിലെ കാളികാവില്‍ വ്യത്യസ്തമായ പ്രതിജ്ഞയോട് കൂടി വിവാഹം നടന്നത്. കരുവാരകുണ്ട് സ്വദേശിയായ മുഹമ്മദ് ഹിഷാം വാളാഞ്ചിറ സ്വദേശി നിധ ഷെറിന്‍ എന്നിവരാണ് പഹല്‍ഗാം ഭീകരാ ക്രമണം, മയക്കുമരുന്ന് ഉപയോഗം എന്നിവയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ ചൊല്ലിക്കൊണ്ട് പുതു ജീവിതത്തിലേക്ക് കടന്നത്. വധുവിന്റെ അമ്മാവന്‍ ബഷീര്‍ വാളാഞ്ചിറയാണ് വിവാഹ ദിനത്തിലെ ഈ ചടങ്ങിന് പിന്നില്‍.

‘ഇന്ത്യ എന്റെ രാജ്യമാണ്, രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നിനെയും ഞാന്‍ അനുവദിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ഭീഷണിയായ ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരെ നാം പോരാടണം. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിന് മറ്റൊരു വലിയ ഭീഷണിയാണ്.’ എന്നായിരുന്നു വിവാഹ ചടങ്ങിലെ പ്രതിജ്ഞാ വാചകങ്ങള്‍. വണ്ടൂര്‍ എംഎല്‍എ എപി അനില്‍കുമാര്‍, നവ ദമ്പതികളുടെ ബന്ധുക്കള്‍ നാട്ടുകാര്‍ തുടങ്ങിയവരും പ്രതിജ്ഞ ഏറ്റുചൊല്ലി.

”തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണിത്. ഈ ദിനം ഞങ്ങളെ പോലെ രാജ്യ ത്തിനും ഏറെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ സമൂഹത്തിന് ഒരു മികച്ച സന്ദേശം നല്‍കണമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതാണ് പ്രതിജ്ഞയില്‍ എത്തിച്ചത്” നവ ദമ്പതികള്‍ പ്രതികരിച്ചു.

‘മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്താറുണ്ടായി രുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരം ഒരു ആശയം വധുവിന്റെയും വരന്റെയും കുടുംബ ങ്ങളുമായും പങ്കുവെച്ചിരുന്നു. അതാണ് പ്രതിജ്ഞയിലേക്ക് എത്തിച്ചത്. ഇതിനിടെ പഹല്‍ഗാമിലെ ഭീകരാക്രമണം നടന്നപ്പോള്‍ തീവ്രവാദത്തിനെതിരായ നിലപാട് കൂടി പ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തണം എന്ന് ചിന്തിച്ചു. ആകസ്മികമായി ഇരുവരുടെയും വിവാഹ ദിനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നു’ ചോക്കാട് പഞ്ചായത്ത് മുന്‍ അംഗം കൂടിയായ ബഷീര്‍ വാളാഞ്ചിറ പറയുന്നു.


Read Previous

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

Read Next

എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം നഷ്ടമായത് പഞ്ചാബ് പ്രവിശ്യയിൽ വെച്ച്; പുനഃസ്ഥാപിക്കുക അസാദ്ധ്യം; ഇന്ത്യൻ തിരിച്ചടിയിൽ തകർന്നത് പാകിസ്ഥാന്റെ അമൂല്യ സമ്പത്തുകളിലൊന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »