ഭാരതീയ ന്യായസംഹിത: സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്; ഇരുചക്രവാഹന യാത്രക്കാരനെതിരെ എഫ്‌ഐആര്‍


മലപ്പുറം: പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്‌ഐആര്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് ഡല്‍ഹിയില്‍

രാജ്യത്ത് പുതിയ ക്രിമിനല്‍ കോഡായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസ് ഡല്‍ഹിയിലാണ്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച വഴിയോര കച്ചവടക്കാ രനെതിരെയാണ് ആദ്യത്തെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരമാണ് ബിഹാറിലെ പട്‌ന സ്വദേശിയായ പങ്കജ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

”ഇന്നലെ രാത്രി പൊലീസ് പെട്രോളിങിനിടെയാണ് വഴിയോരക്കച്ചവടക്കാരന്‍ വെള്ളവും പുകയില ഉല്‍പ്പന്നങ്ങളും റോഡില്‍ വില്‍ക്കുന്നത് കണ്ടത്. യാത്രക്കാര്‍ക്ക് ഇയാളുടെ വാഹനം തടസ്സമായതോടെ വാഹനം മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നിര്‍ദേശം ചെവിക്കൊള്ളാതെ ഇയാള്‍ വില്‍പ്പന തുടര്‍ന്നു. ഇതേ തുടര്‍ന്നാണ് കച്ചവടക്കാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതതെന്നും”-പൊലീസ് പറഞ്ഞു.

ഇയാള്‍ തെരുവില്‍ വെള്ളവും ബീഡിയും സിഗരറ്റും വില്‍ക്കുന്നു, ഇത് പൊതുജ നങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. റോഡില്‍ നിന്ന് സ്റ്റാള്‍ മാറ്റാന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ഇ-പ്രമാന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിഡിയോ എടുക്കുകയായിരുന്നു ‘-എഫ്ഐആര്‍ പറയുന്നു.


Read Previous

വിഖ്യാത എഴുത്തുകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു

Read Next

കുറ്റകൃത്യങ്ങള്‍ കുറയും, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിനകം നീതി: അമിത് ഷാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular