അന്താരാഷ്ട്ര അവയവ റാക്കറ്റ്: സംഘത്തിലെ മുഖ്യകണ്ണി ഹൈദാരാബാദ് സ്വദേശിയായ ഡോക്‌ടറെന്ന് സംശയം


എറണാകുളം: അവയവില്‌പന സംഘത്തിലെ മുഖ്യകണ്ണി ഹൈദാരാബാദ് സ്വദേശി യായ ഡോക്‌ടറെന്ന് സംശയം. ഇയാളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. തൃശൂർ സ്വദേശിയായ പ്രതി സാബിത്തിനെ അന്താരാഷ്‌ട്ര അവയവ റാക്കറ്റ് സംഘത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാധിലെ ഡോക്‌ടറെന്നാണ് കരുതുന്നത്. അവയവ വില്‌പനക്കെത്തിയ താൻ ഹൈദരാബാദിൽ വെച്ച് ഏജൻ്റായി മാറിയെന്ന് സാബിത്ത് മൊഴി നൽകിയിരുന്നു.

പ്രതി സാബിത്തിനെ ചോദ്യം ചെയുന്നതിനായി അങ്കമാലി മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. പൊലിസ് ആവശ്യപ്പെട്ട പ്രകാരം പത്ത് ദിവസത്തേക്കാണ് കസ്‌റ്റഡി അനുവദിച്ചത്. പ്രതി സബിത്തിനെ വിശദമായി ചോദ്യം ചെയ്‌ത് അവയവക്കടത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. എന്‍ഐഎയും ഇതിനോടകം ഈ കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് ആയതിനാൽ ഈ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കാനാണ് സാധ്യത.

പ്രതി സാബിത്തിൻ്റെ പ്രാഥമികമായ ചേദ്യം ചെയ്യലിൽ അവയവ റാക്കറ്റിൻ്റെ വ്യപ്‌തി വ്യക്തമാക്കുന്ന നിരവധി വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇരുപത്തിയഞ്ചാ മത്തെ വയസിലാണ് പ്രതി സാബിത്ത് അവയവ റാക്കറ്റുമായി ബന്ധപ്പെടുന്നത്. ആദ്യം സ്വന്തം അവയവം നൽകി പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം .എന്നാൽ അവയവ സംഘത്തിൻ്റെ ഏജൻ്റായാൽ കൂടുതൽ പണം നേടാമെന്ന് മനസിലാക്കിയതോടെയാണ് ഏജൻ്റാകാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ അടക്കം പ്രതി സന്ദർശനം നടത്തിയിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി പ്രതി സാബിത്ത് അവയ വില്‌പന ഏജൻ്റായി നേടിയത് കോടികളാണ്. ഇരുപതുപേരെ അവയവ കൈമാറ്റത്തിന് ഇരയാക്കിയതാണ് പൊലീസിന് ഇയാളിൽ നിന്ന് ലഭിച്ച വിവരം. ഇതിൽ പത്തൊമ്പത് പേർ ഇതര സംസ്ഥാനക്കാരും ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്നുമാണ് സൂചന. ഇരയായ ഇയാൾക്ക് കഴിഞ്ഞ ഒരു വർഷമായി വീടുമായി ബന്ധമില്ലന്നും, നേരത്തെ അവയവ ദാനത്തിന് ശ്രമിച്ചപ്പോൾ തങ്ങൾ പിന്തിരിപ്പിച്ചതായുമാണ് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്.

എന്നാൽ ഇതിൽ കൂടുതൽ പേർ ഇരയായെന്നാണ് പൊലിസ് സംശയിക്കുന്നത്. ഒരാളെ അവയവ റാക്കറ്റ് സംഘത്തിന് കൈമാറിയാൽ പ്രതി സാബിത്തിന് ലഭിച്ചിരുന്നത് പത്ത് ലക്ഷം രൂപയായിരുന്നു. സാബിത്തുമായി ബന്ധമുള്ള തൃശൂർ സ്വദേശിയായ യുവതിയെയുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരകളായവരുടെ വിവരങ്ങൾ ശേഖരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാമ്പത്തിക പരാധീനതയുള്ളവരെ പണം വാഗ്‌ദാനം ചെയ്‌ത് വിദേശത്ത് എത്തിച്ച്, അവയവ വില്‌പന നടത്തുന്ന സംഘത്തിന്‍റെ ഏജൻ്റായ തൃശൂർ സ്വദേശിയായ സാബിത്തിനെ ഞായറാഴ്‌ചയാണ് നെടുമ്പാശ്ശേരി പൊലീസ് പിടി കൂടിയത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയെ പ്രതിയെ തിങ്കളാഴ്‌ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്‌തിരുന്നു.

ഈ കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതിയുടെ കസ്‌റ്റഡിയിലെടുത്ത ഫോണിൽനിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷത്തെ ബാധിക്കുന്നതി നാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. സാമ്പത്തിക പ്രയാസമുള്ളവരെ സമീപിച്ച് പണം വാഗ്‌ദാനം ചെയ്‌ത്‌ വിദേശത്ത് എത്തിക്കുകയാണ് പ്രതി ആദ്യം ചെയ്യുന്നത്.

കുവൈത്ത് വഴി ഇറാനിലെത്തിച്ച് അവിടെയുള്ള ഒരു ആശുപത്രിയിലാണ് അവയവ ങ്ങൾ ശേഖരിക്കുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയിരുന്നതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന. അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്‍റെ ഇന്ത്യയിലെ താഴെക്കിടയിലുള്ള ഏജന്‍റാണ് സാബിത്ത് എന്നാണ് അന്വേഷ സംഘത്തിന് ലഭിച്ച വിവരം.


Read Previous

എഐയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ മനുഷ്യരാശിക്ക് തന്നെ അപകടം’; ഓപ്പണ്‍ എഐയിലെ മുഖ്യ ഗവേഷകനും പടിയിറങ്ങി

Read Next

നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതി ദത്തമായ കരിമ്പാറയെ നാലു നാള്‍കൊണ്ട് കരിവീരനാക്കി ജയൻ; ആനശിൽപം കാണാൻ സന്ദർശകരേറെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »