
കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് ഇടപാടിന്‍റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നെന്നു സൂചന. ഹോളി ആഘോഷത്തിനായുള്ള കഞ്ചാവ് പിരിവിന് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. പോളിടെക്നിക് കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് ഈ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.
‘ഹോളി നമുക്ക് പൊളിക്കണം…’ എന്ന മെസ്സേജോടെയാണ് ഒരു സംഘം വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. പെരിയാർ ഹോസ്റ്റലിൽ ചിലരുടെ നേതൃത്വത്തിൽ കഞ്ചാവ് പിരിവ് എളുപ്പമാക്കാനാണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. കഞ്ചാവിന്റെ ചില്ലറ വില്പനയ്ക്ക് വിലയിട്ടു. അഞ്ച് ഗ്രാമിന്റെ പൊതിക്ക് 500 രൂപ. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയ വിവരം സെപ്ഷ്യൽ ബ്രാഞ്ച് അറിയുകയും അവർ അതിലേക്ക് നുഴഞ്ഞു കയറി ചാറ്റുകൾ ചോർത്താനും തുടങ്ങി.
എപ്പോൾ, ഏത് മുറിയിൽ കഞ്ചാവ് എത്തും എന്നു വരെയുള്ള വിവരങ്ങൾ ഇവർക്ക് ലഭിച്ചു. കഞ്ചാവ് പൊതി എവിടെ നിന്ന്, എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാൽ കോളജ് കാംപസിലേക്ക് കഞ്ചാവ് എത്താനായി പൊലീസ് കാത്തിരുന്നു. വ്യാഴാഴ്ചയോടെ വാട്സാപ്പ് ഗ്രൂപ്പിൽ ജി 11 എന്ന മുറിയിൽ കഞ്ചാവ് വന്നു എന്ന വിവരം വരുന്നു. ആ മുറിയിലെ താമസക്കാരനായ എം ആകാശ് ആണ് രണ്ട് കിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വില്പന നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിക്കുന്നു.
ഈ വിവരങ്ങളടക്കം സ്പെഷ്യൽ ബ്രാഞ്ച് സംഘം പൊലീസിന്റെ ഡാൻസാഫ് സംഘത്തിന് കൈമാറി. ഡാൻസാഫ് സംഘം പോളിടെക്നിക് കോളജ് പ്രിൻസിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി. റെയ്‍ ഡിന്റെ മുഴുവൻ നടപടിക്രമങ്ങളും വിഡിയോയിൽ ചിത്രീകരിച്ചു. ഹോസ്റ്റൽ മുറിയിൽ പരിശോധന പുരോഗമിക്കുന്നതിനിടയിൽ തന്നെ മുറിയിലുള്ള കഞ്ചാവ് സുരക്ഷിതമല്ലേ എന്ന് തിരക്കാൻ ആകാശി ന്റെ ഫോണിലേക്ക് വിളിയെത്തിയിരുന്നു.
പരിശോധക സംഘത്തിന്റെ സാന്നിധ്യത്തിൽ സാധനം സേഫ് അല്ലേ എന്നായിരുന്നു മറുതലക്കൽ നിന്നുള്ള അന്വേഷണം. അതിനാൽ തന്നെ ആകാശിന് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആകാശിന്റെ ഫോൺ കോളുകൾ അടക്കം കേന്ദ്രീകരിച്ച് മുൻപ് ലഹരി ഇടപാട് നടത്തിയിട്ടുണ്ടോ, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.