
കോഴിക്കോട്: ലീഗ് വിമർശന വിവാദത്തിൽ വിശദീകരണവുമായി കാന്തപുരത്തിന്റെ മകനും എപി വിഭാഗം നേതാവുമായ ഡോ. ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് ഹക്കീം അസ്ഹരി നൽകിയ അഭിമുഖത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അഭിമുഖം വിവാദമാക്കിയതിനു പിന്നിൽ ജമഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ഹക്കീം അസ്ഹരി ഫേസ് ബുക്ക് പേജിൽ കുറിച്ചത്.
‘കേരള രാഷ്ട്രീയത്തിൽ ഒരുപാട് പാർട്ടികളും മുന്നണികളും പ്രവർത്തിച്ചു വരുന്നുണ്ട്. അതിൽ മുസ്‌ലിം പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായ പാർട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ന് ഐക്യ ജനാധിപത്യ മുന്നണി യോടും, ആദ്യ കാലത്ത് ഇടതുപക്ഷത്തോടും സഖ്യം ചേർന്നിട്ടുള്ള ഒരു കരുത്തുറ്റ സെക്യുലർ പാർട്ടി യാണ് മുസ്‌ലിം ലീഗ്. മുസ്‌ലീങ്ങളെല്ലാം ലീഗുകാരല്ലാത്തത് പോലെ ലീഗുകാരെല്ലാം മുസ്‌ലീങ്ങളുമല്ല എന്നതാണല്ലോ യാഥാർഥ്യം. എല്ലാ പാർട്ടികളോടുമെന്ന പോലെ മുസ്‌ലിം ലീഗിനോടും പ്രത്യേക യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാതെ സൗഹൃദം കാത്തുസൂക്ഷിക്കലാണ് ഞങ്ങളുടെ രീതി. മാത്രവുമല്ല, ലീഗ് നേതാക്കളിൽ പലരും സമസ്ത ഇ കെ വിഭാഗം കീഴ്‌ഘടകങ്ങളുടെ തലപ്പത്തുള്ളവരും പരമ്പരാഗത സുന്നി ആദർശം പിന്തുടരുന്നവരുമായതിനാൽ ആ നിലയിൽ അവരോട് അൽപം കൂടുതൽ സൗഹൃദവും സ്നേഹവുമുണ്ട്.
നേതാക്കൾക്കും ഞങ്ങളുമായി വ്യക്തി ബന്ധമുള്ളവർക്കും അക്കാര്യം നന്നായി അറിയാവുന്നതുമാണ്. ഈ സൗഹൃദം നിലനിൽക്കുമ്പോൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നതിന് അതു വിലങ്ങുതടിയാകാറില്ല. ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തുന്നു എന്നത് സൗഹൃദത്തേയും ബാധിക്കാറില്ല. അതാണ് യഥാർഥ രാഷ്ട്രീയവും സൗഹൃദവും എന്നാണ് ഞാൻ മനസ്സി ലാക്കുന്നത്.
ഇടതുപക്ഷവുമായി സൗഹാർദം നിലനിർത്തുമ്പോൾ തന്നെ കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താൻ ഞങ്ങൾക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ഇത്രയും വളരെ വ്യക്തമായി പറഞ്ഞത്, ഈയിടെ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ നടത്തിയ അഭിമുഖത്തിൽ ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങളെ അടർത്തിയെടുത്തും വളച്ചൊടിച്ചും ഈ സൗഹൃദങ്ങളെ തകർക്കു കയും ഭിന്നതകളുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന സാഹചര്യത്തിലാണ്. എല്ലാ കാലത്തെയും പോലെ ജമാഅതെ ഇസ്‌ലാമിയുടെ മാധ്യമങ്ങളാണ് ഈ കുളംകലക്കലിന് പിന്നിലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുമുണ്ട്’ എന്ന് ഹക്കീം അസ്ഹരി ഫേസ്ബു ക്കിൽ കുറിച്ചു.